Currency

അഭയാര്‍ത്ഥി വിഷയത്തില്‍ മെല്‍ക്കലിന് പറ്റിയത് ‘വന്‍ അബദ്ധ’മെന്ന് ട്രംപ്

സ്വന്തം ലേഖകന്‍Monday, January 16, 2017 3:31 pm

10 ലക്ഷം അഭയാര്‍ത്ഥികളെ ഏറ്റെടുക്കാനുള്ള മെര്‍ക്കലിന്റെ കുടിയേറ്റ നയങ്ങള്‍ വലിയ തെറ്റായിപ്പോയെന്നും മെര്‍ക്കലും നാറ്റോയും തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

വാഷിങ്ടണ്‍: അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെല്‍ക്കലിന് പറ്റിയത് വന്‍ അബദ്ധമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ്, ജര്‍മന്‍ മാധ്യമങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് മെര്‍ക്കലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 10 ലക്ഷം അഭയാര്‍ത്ഥികളെ ഏറ്റെടുക്കാനുള്ള മെര്‍ക്കലിന്റെ കുടിയേറ്റ നയങ്ങള്‍ വലിയ തെറ്റായിപ്പോയെന്നും മെര്‍ക്കലും നാറ്റോയും തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ട്രംപ്  വ്യക്തമാക്കി.

എന്നാല്‍ ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മഹത്തായ കാര്യമാണെന്ന് ട്രംപ് പറഞ്ഞു. ബ്രിട്ടനിലെ മുന്‍ ജസ്റ്റിസ് സെക്രട്ടറിയും ബ്രെക്‌സിറ്റ് ക്യാംപെയിനിലെ മുഖ്യ പ്രചാരകരിലൊരാളുമായ മൈക്കിള്‍ ഗൗവ് ആയിരുന്നു ട്രംപുമായി അഭിമുഖം നടത്തിയത്. യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരുന്നതില്‍ ബ്രിട്ടന്‍ സമയോചിതമായ മിടുക്കുകാട്ടിയെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തല്‍. പ്രസിഡന്റായി അധികാരമേറ്റാലുടന്‍തന്നെ ബ്രിട്ടനുമായി പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവന്നാല്‍ വ്യാപാര ഉടമ്പടികളില്‍ ബ്രിട്ടന്റെ സ്ഥാനം ക്യൂവില്‍ ഏറ്റവും പിന്നിലായിരിക്കും എന്നായിരുന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഒബാമയുടെ നിലപാട്.

എല്ലാവരും വിചാരിച്ചത് ബ്രെക്‌സിറ്റ് ഭ്രാന്തമായ ആശയമാണെന്നാണ് എന്നാല്‍ ബ്രെക്‌സിറ്റ് സംഭവിക്കുമെന്നും അല്ല, സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ മറുപടി. രാജ്യങ്ങള്‍ എല്ലാം സ്വന്തം നിലനില്‍പ്പും അസ്ഥിത്വവും ആഗ്രഹിക്കുന്നുണ്ട്. ബ്രിട്ടന്‍ അവരുടേതായ വ്യക്തിത്വം ആഗ്രഹിക്കുന്നു. ബ്രെക്‌സിറ്റ് സംഭവിച്ചില്ലായിരുന്നെങ്കില്‍ യൂറോപ്പിലേക്കു കുടിയേറിയ അഭയാര്‍ഥികളെയെല്ലാം ബ്രിട്ടന്‍ ഏറ്റെടുക്കേണ്ടിവരുമായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ തകരാതെ യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാനാകില്ല. ഈ ഒഴുക്ക് മൂലം യൂറോപ്പിലെ ജനങ്ങള്‍ രോഷത്തിലാണെന്നും ട്രംപ് പറഞ്ഞു. നശിക്കാന്‍ പോകുന്ന യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കാനുള്ള ബ്രിട്ടന്റെ തീരുമാനം മികച്ചതാണ്. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ വരവിന് പിന്നിലുള്ള പ്രധാനഘടകം ഇതായിരുന്നു. ബ്രിട്ടനെ മാതൃകയാക്കി മറ്റു രാജ്യങ്ങളും പുറത്ത് കടക്കണമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യം കാലഹരണപ്പെട്ട സംഘടനയാണ്. എന്നാല്‍ അതിന്ന് പ്രാധാന്യമുണ്ടെങ്കിലും ചില അംഗരാജ്യങ്ങള്‍ വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഞങ്ങള്‍ അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ നിന്ന് അതിനാവശ്യമായ പണം ലഭിക്കുന്നില്ല. ഇത് നീതിയല്ലെന്നും ട്രംപ് അഭിമുഖത്തിനിടെ പറഞ്ഞു. ആണവായുധങ്ങളുടെ ശേഷി പരിമിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ റഷ്യയുമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x