Currency

ഗാര്‍ഹിക മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1304 പരാതികള്‍

സ്വന്തം ലേഖകന്‍Monday, January 16, 2017 4:30 pm

കുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലയില്‍നിന്ന് 2016ല്‍ 1304 തൊഴില്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതായി കുവൈറ്റ് ഗാര്‍ഹിക വകുപ്പിന്റെ കണക്ക്. ഇതില്‍ 48 പരാതികള്‍ മാത്രമാണ് സ്‌പോണ്‍സര്‍മാര്‍ക്കെതിരെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായത്. തൊഴിലാളികള്‍ക്കെതിരെ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പരാതികളിലധികവും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ടാണ്.

കുവൈറ്റില്‍ തൊഴിലാളികള്‍ക്കെതിരെ സ്‌പോണ്‍സര്‍മാര്‍ 1236 പരാതികള്‍ നല്‍കുകയുണ്ടായി. 20 പരാതികള്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളാണ് ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം 1118 ഗാര്‍ഹിക തൊഴിലാളികളെയാണ് വിവിധ കാരണങ്ങളാല്‍ നാടുകടത്തിയത്.

1806 റിക്രൂട്ടിംഗ് ഓഫീസുകളില്‍ പരിശോധന നടത്തി. 39 പേരെ റസിഡന്‍ഷ്യല്‍ കാര്യ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. പാസ്‌പോര്‍ട്ടും ടിക്കറ്റും ലഭ്യമാക്കിയതടക്കം 200 പേര്‍ക്ക് അതത് എംബസികള്‍ മുഖാന്തിരം സഹായം നല്‍കിയതായും ഗാര്‍ഹിക തൊഴില്‍ ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിയമനടപടികളുമായി ബന്ധപ്പെട്ട പരിജ്ഞാന കുറവാണ് സ്‌പോണ്‍സര്‍മാര്‍ക്കെതിരെ തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള പരാതികള്‍ കുറയാന്‍ കാരണമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x