
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കന്‍സാസിലെ ബാറിലാണ് സംഭവം. 32 കാരനായ ശ്രീനിവാസ് കുചിബോട്ട്ല ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അലോക് മഡാസനി, ഇയാന്‍ ഗ്രില്ലോട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിരയായവര്‍ ജിപിഎസ് മേക്കര്‍ ഗാര്‍മിന്‍ എന്ന കമ്പനിയിലെ എഞ്ചിനീയര്‍മാരാണ്.
വംശീയാധിക്രമത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചതെന്നാണ് വിവരം. സംഭവത്തില്‍ അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനെ പൊലീസ് അറസ്റ്റു ചെയ്തു. നാവികസേനയില്‍ ജോലി ചെയ്തിരുന്ന പുരിന്‍ടനെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് എഫ്ബിഐയുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.