Currency

ഏഴ് മുസ്ലിം രാജ്യങ്ങളുടെ വിസാ നിരോധനം; ഇറാഖിനെ നീക്കം ചെയ്യും

സ്വന്തം ലേഖകന്‍Wednesday, March 1, 2017 11:09 am

വാഷിങ്ടണ്‍: യു.എസ് വിസാ നിരോധന പട്ടികയില്‍ നിന്ന് ഇറാഖിനെ നീക്കം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ ഉത്തരവിലാണ് വിസാ നിരോധനം ഏര്‍പെടുത്തിയിരിക്കുന്ന ഏഴു മുസ്ലിം രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കുന്നത്. പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇറാഖിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഐ.എസിനെതിരായ പോരാട്ടത്തില്‍ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി ട്രംപ് നേരത്തെ വിശദീകരിച്ചിരുന്നു.

ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x