Currency

യുഎസില്‍ വീണ്ടും വംശീയാതിക്രമം; ഇന്ത്യക്കാരന് വെടിയേറ്റു

സ്വന്തം ലേഖകന്‍Sunday, March 5, 2017 11:03 am

വാഹനത്തിനടുത്തെത്തിയ അക്രമി സിഖുകാരനോട് എന്തോ പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും 'നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ' എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാഷിങ്ടണ്‍: യുഎസില്‍ വംശീയാതിക്രമം തുടരുന്നു. ഇന്ത്യക്കാരനായ സിഖുകാരന് വെടിയേറ്റു. വാഷിങ്ടണ്‍ സ്റ്റേറ്റിലെ കെന്റ് നഗരത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീടിന് പുറത്ത് സ്വന്തം വാഹനം പരിശോധിക്കുന്നതിനിടെ അജ്ഞാതനായ അക്രമി ഇന്ത്യന്‍ വംശജനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വാഹനത്തിനടുത്തെത്തിയ അക്രമി സിഖുകാരനോട് എന്തോ പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ‘നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ’ എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു ഇന്ത്യക്കാരന് നേരെ വംശീയാതിക്രമം വീണ്ടും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യന്‍ വംശജയായ യുവതിക്ക് നേരെയും വംശീയാതിക്രമം നടന്നിരുന്നു. തുടര്‍ന്ന് യുവതി ഇതിന്റെ വീഡിയോ വെബ്‌സൈറ്റില്‍ ഇടുകയും ചെയ്തിരുന്നു.

അതേസമയം മുഖം മറച്ചെത്തിയ അക്രമി വെള്ളക്കാരനാണെന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ കെന്റ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x