
യാത്രക്കാരുടെ പരാതികൾ ഉടനടി പരിഹരിക്കുന്നതിനും പരാതിക്കു ഇടയാക്കിയ സാഹചര്യം ഉണ്ടാക്കിയ വ്യക്തി/ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. അടിയന്തര പ്രാധാന്യം ഉള്ള പരാതികൾക്ക് ഉടനടി പരിഹാരവും റെയിൽവേ ഉറപ്പുനൽകുന്നു. ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന യാത്രക്കാർ സമർപ്പിക്കുന്ന പരാതികൾക്ക് ഉടനടി നടപടിയുണ്ടാകും.
എസ് എം എസ് വഴിയും ഓൺലൈൻ സംവിധാനത്തിലൂടെയും 138 എന്ന നമ്പറിലേക്ക് വിളിച്ചും പരാതികൾ സമർപ്പിക്കാം. റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും ഈ സംവിധാനത്തിലൂടെ സമർപ്പിക്കാനാകും. പരാതി പരിഹാര സെൽ 24 മണിക്കൂറും പ്രവർത്തിക്കും. പരാതി സമർപ്പിച്ചുകഴിഞ്ഞാൽ പരാതിയിന്മേൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ എസ് എം എസ് വഴിയും ഈമെയിലിലൂടെയും പരാതിക്കാരന് ലഭിച്ചുകൊണ്ടിരിക്കും.
പരാതികൾ എങ്ങനെ സമർപ്പിക്കാം
ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം, യാത്രചെയ്യുന്ന കമ്പാർട്ടുമെന്റിലെയും ടോയിലെറ്റിലെയും ശുചിത്വമില്ലായ്മ, വൃത്തിഹീനമായ തലയിണ, ബെഡ്ഷീറ്റ്, ഭക്ഷണ സാധനങ്ങൾക്കു ഗുണനിലവാരം- അളവു കുറയുക, അമിത വില ഈടാക്കുക, വാഹന പാർക്കിങ് സംബന്ധമായ പരാതികൾ തുടങ്ങി എല്ലാവിധ പരാതികളും സമർപ്പിക്കാം. വിശദവിവരങ്ങളോടുകൂടിയ പരാതിയാണ് സമർപ്പിക്കേണ്ടത്. ആവശ്യമെങ്കിൽ തെളിവായി ഫോട്ടോകളോ ബന്ധപ്പെട്ട രേഖകളോ സമർപ്പിക്കാം.

www.coms.indianrailways.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി പരാതി സമർപ്പിക്കാം.
+91 9717630982 എന്ന നമ്പറിലേക്കാണ് എസ് എം എസ് വഴിയുള്ള പരാതികൾ സമർപ്പിക്കേണ്ടത്.
ഫോൺ വഴി നേരിട്ട് പരാതി സമർപ്പിക്കുന്നതിന് 138 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
യാത്രക്കാർ തങ്ങൾക്കുള്ള പരാതികൾ നൽകുവാൻ തയ്യാറായാൽ റെയിൽ യാത്രയിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വളരെ വേഗം ഒഴിവാക്കുന്നതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ദുരിത യാത്ര ചെയേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനും സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.