Currency

ഇലക്ട്രോണിക് ഉപകരണങ്ങളുമായി അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Tuesday, March 21, 2017 11:44 am

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ലാപ്ടോപ്, ടാബ്ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ കൊണ്ടു വരുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിമുതല്‍ ചെക്ക് ഇന്‍ ലഗേജായി മാത്രമേ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ബാധകമല്ല. അതേസമയം നിരോധനത്തെ കുറിച്ച് യുഎസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

നിരോധനം സംബന്ധിച്ച നിര്‍ദേശം ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ വകുപ്പുകളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് യുഎസിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് കൊണ്ട് നടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു.

മൊബൈല്‍ ഫോണും മെഡിക്കല്‍ ഉപകരണങ്ങളും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഏഴ് മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് വിവാദമായേക്കാവുന്ന പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x