Currency

പ്രവാസികളുടെ ആശ്രിതര്‍ക്ക് ​ലെവി: സൗദി അറേബ്യക്ക്​ വൻനഷ്ടമുണ്ടാക്കുമെന്ന്​ മുന്‍മന്ത്രി

സ്വന്തം ലേഖകൻSunday, March 26, 2017 3:19 pm

റിയാദ്: പ്രവാസികളുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്ക് 1200 റിയാല്‍ വര്‍ഷത്തില്‍ ലവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷ മേഖലകളിൽ വൻപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുൻആരോഗ്യ മന്ത്രി ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു. വിദേശി കുടുംബങ്ങളുടെ കൂട്ട ഒഴിച്ചുപോക്കിലൂടെ രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടം ലെവിയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലായിരിക്കും എന്നും ആയതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജൂലൈ മുതല്‍ നടപ്പാക്കുന്ന ലവിയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി  ഇതിനകം തന്നെ കുടുംബങ്ങൾ സ്വദേശത്തേക്ക് തിരിച്ചു പോകാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ലവി ഇരട്ടിപ്പിക്കുമെന്ന വാർത്തയും കൂട്ടത്തോടെയുള്ള ഒഴിഞ്ഞു പോക്കിനു കാരണമാകുന്നു.കുടുംബത്തോടൊപ്പം സൗദിയില്‍ കഴിയുന്ന പ്രവാസികൾ രാജ്യത്ത് ചെലവഴിക്കുന്ന സമ്പത്ത് രാഷ്ട്രത്തിന് വന്‍ വരുമാന മാര്‍ഗമാണ്. കൂട്ടത്തോടെയുള്ള ഒഴിഞ്ഞു പോക്കിലൂടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, എയർലൈന്‍സ് തുടങ്ങിയ മേഖലയില്‍ വിദേശികൾ ചെലവഴിക്കുന്ന പണത്തിൽ വലിയകുറവ് വരും.

കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് വിദേശി തൊഴിലാളിയുടെ മാനസികവും സാമൂഹ്യവുമായ മേഖലകളിൽ മാറ്റങ്ങള്‍ വരുത്തുന്നതിനും അതുമൂലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയായേക്കും. ‘ലെവി ആര്‍ക്കാണ് ഉപകാരപ്പെടുക’ എന്ന തലക്കെട്ടില്‍ പ്രാദേശിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുടുംബം ഒപ്പമുള്ള പ്രവാസി പലവട്ടം ചിന്തിക്കുമെന്നും ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x