Currency

പെരുന്നാൾ നമസ്​കാരം വീടുകളിൽ നിർവഹിക്കണമെന്ന് സൗദി ഗ്രാൻറ്​ മുഫ്​തി

Friday, May 22, 2020 11:33 am

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ ഈദുല്‍ ഫിതിര്‍ നമസ്‌കാരം വീടുകളില്‍ വെച്ച് നിർവഹിക്കാമെന്ന് സൗദി അറേബ്യ ഗ്രാൻറ് മുഫ്തിയും ഉന്നത പണ്ഡിതസഭാ തലവനുമായ ശൈഖ് അബ്ദുല്‍ അസീസ് അലുശൈഖ് അറിയിച്ചു. കോവിഡ് പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ വീടുകളില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിർവഹിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മാതാപിതാക്കൾ കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് സന്തോഷവും ആഹ്ലാദവും പങ്കുവെക്കണമെന്നും ഗ്രാൻറ് മുഫ്തി അഭ്യർഥിച്ചു.

പെരുന്നാള്‍ നമസ്‌കാരം രണ്ട് റകഅത്തുകളായി തന്നെ വീടുകളില്‍ നിർവഹിക്കാം. ഖുതുബ പ്രഭാഷണം ആവശ്യമില്ല. സക്കാത്ത് വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തരുത്. വിശ്വസനീയമായ ചാരിറ്റബിള്‍ സംഘടനകളിലൂടെ ഫിത്വ്ര്‍ സക്കാത്ത് വിതരണം നടത്തണം. പെരുന്നാള്‍ ദിവസത്തിന് മുമ്പായി സക്കാത്ത് നിർവഹിക്കുവാൻ ശ്രദ്ധിക്കണം.

സൂര്യോദയത്തിന് 15 / 30 മിനുട്ടുകൾക്ക് ശേഷം മുതൽ ദുഹർ നമസ്കാരത്തിനുള്ള സമയം ആരംഭിക്കുന്നത് വരെയാണ് (ഉച്ചവരെ) പെരുന്നാൾ നമസ്കാരത്തിനുള്ള സമയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x