Currency

പ്രവാസികൾ ശ്രദ്ധിക്കുക: അപരിചിതർക്ക് ബാങ്ക് അക്കൗണ്ട് നമ്പർ നൽകരുത്

സ്വന്തം ലേഖകൻThursday, February 27, 2020 10:48 pm

പണം സ്വീകരിക്കുവാൻ അപരിചിതർക്ക് സ്വന്തം അക്കൗണ്ട് നമ്പർ ഒരു കാരണവശാലും നൽകരുത്. അപരിചിതരുടെ പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ചു ഗൾഫ് നാടുകളിലെ ജയിലുകളിൽ കിടക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഓൺലൈനിലൂടെ തട്ടിയെടുക്കുന്ന പണമാണ് ഇപ്രകാരം നിരപരാധികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. പണം നഷ്‌ടമായ വ്യക്തി പരാതി നൽകുന്നതോടെ പണം സ്വീകരിച്ച അക്കൗണ്ട് ഉടമ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായി തടവിലാക്കപ്പെടും.

സൗദിയിൽ കഴിഞ്ഞ ദിവസം ജയിൽ മോചിതനായ മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വേദേശിയായ സക്കീർ ഹുസൈന്റെ അനുഭവമാണ് ഇത്തരം തട്ടിപ്പിന്റെ വ്യാപ്തി പുറംലോകം അറിയുവാൻ ഇടയാക്കിയത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹുസ്സൈൻ തന്റെ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ എടിഎം കൗണ്ടറിൽ ചെന്നപ്പോഴാണ് ഒരു പാക്കിസ്ഥാനി പൗരൻ സഹായമഭ്യർഥിച്ചെത്തിയത്. ഇഖാമ പുതുക്കുന്നതിനുള്ള പണം തന്റെ കൈവശം ഇല്ലാത്തതിനാൽ അബഹയിലുള്ള സഹോദരൻ തരുമെന്നും, തന്റെ പേരിൽ അക്കൗണ്ടില്ലാത്തതിനാൽ പണം സ്വീകരിക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ദയ തോന്നിയ സക്കീർ ഹുസ്സൈൻ സ്വന്തം അക്കൗണ്ട് നമ്പർ അപരിചിതന് കൈമാറി. നിമിഷങ്ങൾക്കുള്ളിൽ തന്നെ 4500 റിയാൽ ഹുസൈന്റെ  അക്കൗണ്ടിൽ ക്രെഡിറ്റായി. ആ തുക അപ്പോൾ തന്നെ എടിഎമ്മിൽ നിന്നും പിൻവലിച്ചു അപരിചിതന് കൈമാറി.

ഏതാനും ദിവസങ്ങൾക്ക് ശേഷം സക്കീർ ഹുസൈൻ സാമ്പത്തിക തട്ടിപ്പ്കേസിൽ പ്രതിയാണെന്നും അബഹ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നുമുള്ള സന്ദേശം സ്പോൺസർക്കു ലഭിച്ചു. സൗദി പൗരന്റെ 91,000 റിയാൽ ബാങ്കിൽ നിന്നു ഹാക്ക് ചെയ്യപ്പെട്ടതായി പോലീസിൽ പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് വിവിധ അക്കൗണ്ടുകളിലേക്ക് ഈ തുക മാറ്റിയിരിക്കുന്നതെന്നു കണ്ടെത്തിയത്. 91,000 റിയാലിൽ 4500 റിയാൽ സക്കീർ ഹുസൈന്റെ അക്കൗണ്ടിലൂടെ പിൻവലിക്കപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചതോടെ ഹുസ്സൈൻ സാമ്പത്തിക തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ടു ജയിലിലായി.

പണം സ്വീകരിച്ച പാക്കിസ്ഥാനി പൗരനെക്കുറിച്ചു അറിവൊന്നുമില്ലായിരുന്ന സക്കീർ ഹുസൈൻ തന്റെ നിരപരാധിത്വം തെളിയിക്കാനാകാതെ അഞ്ചു മാസത്തോളം ജയിലിൽ കഴിയവേ നാട്ടിലുള്ള സക്കീറിന്റെ കുടുംബം മക്കയിലെ ഗഫ്ഫാർ വഴി അബഹയിലെ സോഷ്യൽ ഫോറത്തിന്റെ സഹായം അഭ്യർത്ഥിച്ചു. അസീർ സോഷ്യൽ ഫോറം വെൽഫയർ കൺവീനറായ സൈദ് മൗലവി അരീക്കോടിന്റെ ശ്രമഫലമായി സക്കീർ ഹുസ്സൈൻ കഴിഞ്ഞ ദിവസം ജയിൽ മോചിതനാവുകയായിരുന്നു.

ബാങ്കിൽ നിന്നെന്നു പരിചയപ്പെടുത്തി എ ടി എം പിൻ നമ്പറും പാസ്‌വേർഡും കൈവശപ്പെടുത്തിയാണ് തട്ടിപ്പു സംഘം അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്നത്. പിൻ നമ്പറും പാസ്‌വേർഡും ഒരു കാരണവശാലും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യരുത്.

Do not give your account number to strangers, Financial fraud 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x