ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴി പിന്നാലെ എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്
റിയാദ്: റിയാദിൽ മലയാളി നഴ്സിനു നേരെ പിടിച്ചുപറിക്കാരുടെ ആക്രമണം. ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴി പിന്നാലെ എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ആലപ്പുഴ സ്വദേശിയായ റോജിയുടെ ഭാര്യ റോസമ്മ എന്ന ടെജി(47)യാണ് പിടിച്ചുപറിക്കാരുടെ ആക്രമണത്തിൽ പെട്ടത്.
ഇവർ റിയാദ് ശുമൈസി കിങ് സൌദ് ആശുപത്രിയിൽ പീഡിയാട്രിക് സ്റ്റാഫ് നഴ്സാണ്. വ്യാഴാഴ്ച വൈകുന്നരം ആക്രമണത്തിൽ തലയ്ക്കു പരിക്കേറ്റ ടെജിയെ ശുമൈസി ആശുപത്രിയിലെ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകീട്ട് 6.15-നു വീട്ടിലേയ്ക്കുള്ള പടികൾ കയറുന്ന വഴി ആക്രമികൾ ടെജിയുടെ ബാഗ് പിടിച്ചു വലിച്ചു. നിലത്തു വീണപ്പോൾ കോൺക്രീറ്റ് തറയിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. അന്നു തന്നെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്ത് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.
ടെജിയുടെ ഭർത്താവും ഹയിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരനുമായ റോജി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ദീറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.