
ന്യൂയോര്‍ക്ക്: വംശീയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍വകാശാലകളില്‍ പഠിക്കുന്നതിനായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായി ഇന്ത്യന്‍ വംശജര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങളും ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങളുമാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതിന് കാരണം.
അമേരിക്കയിലെ ആറ് പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളുടെ 250 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടത്തിയ സര്‍വേ പ്രകാരമാണ് അപേക്ഷകരില്‍ വന്‍ ഇടിവുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ബിരുദതലത്തില്‍ 26 ശതമാനവും ബിരുദാനന്തര ബിരുദ തലത്തില്‍ 15 ശതമാനവുമാണ് ഇടിവുള്ളത്. അതേസമയം ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന മൊത്തം വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന മൊത്തം വിദ്യാര്‍ഥികളില്‍ 47 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. ഏകദേശം 10 ലക്ഷം ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. അതേസമയം ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ കുറവ് വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.