Currency

കുവൈത്ത് പാക് തൊഴിലാളികളുടെ റിക്രൂട്ടിങ് വിലക്ക് അവസാനിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, April 5, 2017 2:59 pm

മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ വൈദഗ്ദ്യമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാനാണ് ധാരണയായത്. ഇതുസംബന്ധിച്ച നിയമസുരക്ഷാ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും വൈകാതെ യോഗ്യരായ പാക് ഉദ്യോഗാര്‍ഥികള്‍ കുവൈത്തിലെത്തുമെന്നും ഹിന്ദ് അസ്സബീഹ് സൂചിപ്പിച്ചു.

കുവൈത്ത് സിറ്റി: പാകിസ്താനില്‍നിന്ന് തൊഴിലാളികള്‍ക്കുള്ള റിക്രൂട്ടിങ് വിലക്ക് കുവൈത്ത് അവസാനിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുള്ള രാജ്യമെന്ന നിലയ്ക്ക് പാകിസ്താനില്‍നിന്നുള്ള റിക്രൂട്ടിങ് ഏതാനും വര്‍ഷങ്ങളായി നിര്‍ത്തിയിരിക്കുകയായിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ നീക്കുന്നത്. വിലക്ക് അവസാനിപ്പിച്ച് പാകിസ്താനില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ കുവൈത്ത് ധാരണയിലെത്തി. കുവൈത്ത് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.

പാക് സര്‍ക്കാറിന്റെ നിരന്തര ആവശ്യപ്രകാരം മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ വൈദഗ്ദ്യമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാനാണ് ധാരണയായത്. ഇതുസംബന്ധിച്ച നിയമസുരക്ഷാ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്നും വൈകാതെ യോഗ്യരായ പാക് ഉദ്യോഗാര്‍ഥികള്‍ കുവൈത്തിലെത്തുമെന്നും ഹിന്ദ് അസ്സബീഹ് സൂചിപ്പിച്ചു.

നേരത്തെ പാകിസ്താനില്‍നിന്നുള്ള പൊതു റിക്രൂട്ട്‌മെന്റ് സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാണ് കുവൈത്ത് നിര്‍ത്തിവെച്ചിരുന്നത്. പാകിസ്താനെ കൂടാതെ സിറിയ, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ എന്നീ രാജ്യങ്ങഴില്‍ നിന്നുള്ളവര്‍ക്കാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇടപെടലാണ് പുതിയ തീരുമാനത്തിന് സഹായകമായതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പൗരന്മാര്‍ കുവൈത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നതിനോ നാട്ടില്‍പോയി തിരിച്ചുവരുന്നതിനോ പ്രശ്‌നങ്ങളൊന്നുമില്ല. പൊതു റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ മയപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x