തൊഴിലാളികൾക്കു വേതനം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് തീരുമാനം
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നവർക്കു ബാങ്ക് അകൗണ്ട് നിർബന്ധമാക്കി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ ഗാർഹിക തൊഴിലാളികളും ആദ്യ ഘട്ടത്തിൽ ബാങ്ക് അകൗണ്ട് ഓപ്പൺ ചെയ്യേണ്ടതാണെന്നു അധികൃതർ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ തുടങ്ങിയ എല്ലാ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കുമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ അറിയിച്ചു. തൊഴിലാളികൾക്കു വേതനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് തീരുമാനം.
ഗാർഹിക തൊഴിലാളികൾക്കു അക്കൗണ്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത് തൊഴിലുടമയാണെന്നും കരാർ അനുസരിച്ചുള്ള വേതനം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചു. ഓണ്‍ലൈൻ സൈറ്റ് ആയ മുസാനിദ് വഴി തൊഴിൽ കരാർ തയാറാക്കണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.