പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) തൊഴിലാളികള്‍ക്കുവേണ്ടിയാണു ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ദുബായ്: പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതിയ പതിപ്പ് ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) തൊഴിലാളികള്‍ക്കുവേണ്ടിയാണു ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യം, തൊഴില്‍ കേസുകള്‍ എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കു കൂടുതല്‍ അധികാരം പുതിയ പദ്ധതി പ്രകാരം ലഭിക്കും. നേരത്തേ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദേശ രാജ്യത്തെ സര്‍ക്കാരില്‍നിന്നു സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളും തൊഴിലാളികള്‍ക്കു ലഭിക്കമമായിരുന്നു. അപകടമരണം, അപകടംമൂലമുള്ള അംഗവൈകല്യം തുടങ്ങിയ കാര്യങ്ങള്‍ക്കു തൊഴിലുടമകള്‍ ക്ലെയിം ഉന്നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു.
പുതിയ നിയമമനുസരിച്ച് ഇത്തരം രേഖകള്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നല്‍കിയാല്‍ മതി. ഇനി മുതല്‍ ഇന്ത്യന്‍ എംബസിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമായി കണക്കാക്കും. മാത്രവുമല്ല പോളിസി കാലാവധിക്കുള്ളില്‍ ജോലി മാറിയാലും അത് ഇനി പോളിസിയെ ബാധിക്കില്ല.
അപകടം, അസുഖം എന്നിവമൂലമുള്ള ആശുപത്രി വാസത്തിനുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക, തൊഴില്‍ കേസുകള്‍ നടത്താനുള്ള ധനസഹായം എന്നിവ ഉയര്‍ത്തിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസ് യാത്രാടിക്കറ്റ് ലഭിക്കും. വനിതകള്‍ക്കു പ്രസവാനുകൂല്യവുമുണ്ട്.
ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനു വിദേശരാജ്യത്തേക്കുള്ള യാത്രയ്ക്കു മുന്‍പ് 14 ദിവസത്തെ സമയപരിധിവേണമെന്ന നിര്‍ദേശം പുതിയ പദ്ധതിയില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്‌സിനു മുന്‍പാകെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷിക്കുമ്പോള്‍ത്തന്നെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.