Currency

ഇന്ത്യയില്‍ എയര്‍പോര്‍ട്ടുകളില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കാന്‍

സ്വന്തം ലേഖകന്‍Wednesday, August 9, 2017 1:35 pm

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ മറന്നു പോയതോ അല്ലെങ്കില്‍ വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ തുടങ്ങിയ പല കാരണങ്ങളാലും ലഗേജുകള്‍ നഷ്ടപ്പെടാറുള്ളത് സാധാരണ സംഭവങ്ങളാണ്. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കാമറകള്‍, ഐപാഡ്, പേഴ്‌സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ മുതലായവയാണ് മിക്കവാറും നഷ്ടപ്പെടാറുള്ളത്. എന്നാല്‍ ഈ സാധനങ്ങള്‍ ആവശ്യപ്പെട്ട് ഉടമസ്ഥന്മാര്‍ അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും വിരളമാണ്.

മറന്നു പോയതോ അല്ലെങ്കില്‍ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെ തിരിച്ചു ലഭിക്കും. എങ്ങനെ പരാതി ബോധിപ്പിക്കും?. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള യാത്രക്കാരുടെ അറിവില്ലാഴ്മയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇതിനെല്ലാം കൃത്യമായ ഉത്തരമുണ്ട്. എല്ലാ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇങ്ങനെ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും എല്ലാം വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തും.

നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിന് സി.ഐ.എസ്.എഫ് വെബ്‌സൈറ്റിലെ ‘lostandfound’ എന്ന ഒപ്ഷന്‍ ആണ് യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ http://www.cisf.gov.in/lost-and-found/ എന്ന വെബ്‌പേജ് സന്ദര്‍ശിക്കുക. ഇതില്‍ ‘Airport, DMRC’ എന്ന രണ്ട് ഓപ്ഷനുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘Airport – Lost and Found Items’ എന്ന ഭാഗത്ത് എത്തും. ‘Airport’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും. അതില്‍ നിങ്ങള്‍ക്ക് ലഗേജ് നഷ്ടപ്പെട്ട എയര്‍ പോര്‍ട്ട് സെലെക്റ്റ് ചെയ്ത് നഷ്ടപ്പെട്ട വസ്തു CISF നു ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാം. നിങ്ങളുടെ നഷ്ടമായ വസ്തു വെബ്‌സൈറ്റ് ലിസ്റ്റില്‍ ഉണ്ടങ്കില്‍ അവ തിരികെ ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും ലഭിക്കും.

മിക്കവാറും യാത്രക്കാര്‍ക്ക് സാധനങ്ങള്‍ തിരികെ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഒരിക്കല്‍ ലഗേജ് നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല യാത്രക്കാരുടെതുമെന്നാണ് വിലയിരുത്തല്‍. ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവ കണ്ടു കിട്ടുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ അവര്‍ സൂക്ഷിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x