
വാഷിംഗ്ടൺ: യുഎസിൽ പ്രവേശിക്കുന്നതിനു ഉത്തരകൊറിയ, വെനസ്വേല, സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ചാഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും സുഡാനെ ഒഴിവാക്കിയിട്ടുണ്ട്. ഇറാൻ, ലിബിയ, സിറിയ, സൊമാലിയ എന്നീ രാജ്യങ്ങളെ പട്ടികയിൽ നിലനിർത്തിയാണു പുതിയ തീരുമാനം.
നിലവിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു യുഎസിൽ പ്രവേശിക്കുന്നതിനു വിലക്ക് നിലനിൽക്കുന്നത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാർച്ചിൽ ആറ് മുസ്ലീം രാജ്യങ്ങൾക്കു ഏർപ്പെടുത്തിയ നിരോധന കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു. ഇതേതുടർന്നാണു യാത്രവിലക്ക് ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പരിഷ്കരിച്ച പട്ടിക പുറത്തിറക്കിയത്.
അമേരിക്കൻ മേധാവിത്വത്തെ അംഗീകരിക്കാത്ത രാജ്യങ്ങളായതിനാലാണു ഉത്തര കൊറിയക്കും വെനസ്വേലയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചാഡിൽ തീവ്രവാദ സാന്നിധ്യം ശക്തമായതാണു നിരോധന പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായി യുഎസ് ചൂണ്ടിക്കാട്ടുന്നത്. യാത്രാവിലക്ക് ഒക്ടോബർ 18ന് പ്രാബല്യത്തിൽ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.