കഴിഞ്ഞവർഷം ജൂണിൽ ഇന്ത്യൻ തൊഴിൽശേഷി 519466 ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അത് 553781 ആയി ഉയർന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6.6 ശതമാനം വർധന ഉണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്ക്. കഴിഞ്ഞവർഷം ജൂണിൽ ഇന്ത്യൻ തൊഴിൽശേഷി 519466 ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അത് 553781 ആയി ഉയർന്നു.
രാജ്യത്തെ മൊത്തം തൊഴിൽശേഷിയിൽ ഒരു വർഷത്തിനിടെ 3.6 ശതമാനം വർധനയുണ്ട്. ഈ വർഷം ജൂൺ 30ലെ കണക്കനുസരിച്ച് ഗാർഹികത്തൊഴിലാളികളെ കൂടാതെ 20,09071 പേരാണ് ജോലി ചെയ്യുന്നത്. 2017 ജൂണിലേതിനേക്കാൾ 70828 പേരുടെ വർധന ഇക്കാര്യത്തിലുണ്ടായി. ഗാർഹികത്തൊഴിലാളികൾ ഉൾപ്പെടെ തൊഴിൽശേഷി 26,84334 ആണ്.
സ്വകാര്യമേഖലയിലാണു കൂടുതൽ പേരും തൊഴിലെടുക്കുന്നത്. മൊത്തം തൊഴിൽശേഷിയിൽ 60.3 ശതമാനവും സ്വകാര്യമേഖലയിലാണ്. അതേസമയം സ്വകാര്യമേഖലയിലെ സ്വദേശി തോത് 4.4 ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഒരു വർഷത്തിനിടെ 3,48792ൽ നിന്ന് 3,58854 ആയി ഉയർന്നു. ഇവരിൽ 80 ശതമാനവും പൊതുമേഖലയിലാണ്.
പൊതുമേഖലയിലെ സ്വദേശികളുടെ എണ്ണം 2,77935ൽ നിന്ന് 2,87236 ആയി ഉയർന്നപ്പോൾ, തൊഴിൽചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ 3.9 ശതമാനവും പുരുഷന്മാരിൽ 1.6 ശതമാനവും വർധനയാണു രേഖപ്പെടുത്തിയത്. മൊത്തം തൊഴിൽശേഷിയിലെ സ്വദേശി അനുപാതം 2016ൽ 18 ശതമാനമുണ്ടായത് ഈ വർഷം ജൂണിൽ 17.9 ശതമാനമായി കുറഞ്ഞു.
ജിസിസി രാജ്യങ്ങൾക്കു പുറത്തു നിന്നുള്ളവരാണ് തൊഴിലാളികളിൽ 50.3 ശതമാനം. അതേസമയം അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ 30.1 ശതമാനമാണ്. സ്വദേശി തൊഴിൽശേഷിയിൽ ബിരുദധാരികൾ 35.1 ശതമാനത്തിൽനിന്ന് 36.8 ശതമാനമായി ഉയർന്നപ്പോൾ വിദേശികളിൽ അത് 20.5 ശതമാനത്തിൽനിന്നും 22.7 ശതമാനമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.