യുഎഇ തൊഴില്‍ മേഖലയിലെ പുതിയ പ്രൊഫഷന്‍ കൂടിയാണിത്. എന്നാല്‍ ഈ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അറബിക്കിലും ഇംഗ്ലിഷിലും പ്രാവീണ്യം ആവശ്യമാണ്. ഇത്തരം പ്രഫഷനലുകള്‍ക്ക് മാത്രമേ ടാക്‌സ് ഏജന്റായി റജിസ്റ്റര്‍ ചെയ്യാനാകൂ.
ദുബായ്: യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ് രംഗത്തെ പ്രഫഷനലുകള്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുന്നുണ്ട്. യുഎഇ തൊഴില്‍ മേഖലയിലെ പുതിയ പ്രൊഫഷന്‍ കൂടിയാണിത്. എന്നാല്‍ ഈ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അറബിക്കിലും ഇംഗ്ലിഷിലും പ്രാവീണ്യം ആവശ്യമാണ്. ഇത്തരം പ്രഫഷനലുകള്‍ക്ക് മാത്രമേ ടാക്‌സ് ഏജന്റായി റജിസ്റ്റര്‍ ചെയ്യാനാകൂ.
അടുത്ത വര്‍ഷം ജനുവരി മുതല്‍ വാറ്റ് നടപ്പിലാക്കുന്ന യുഎഇയില്‍ ടാക്‌സ് ഏജന്റ് എന്ന പുതിയ തസ്തിക നിലവില്‍ വരികയാണ്. ടാക്‌സ് ഏജന്റായി റജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ കഴിഞ്ഞ ദിവസം ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) ക്ഷണിച്ചിരുന്നു. എഫ്ടിഎയും നികുതി ദാതാവും തമ്മില്‍ മികച്ച ബന്ധമുണ്ടാക്കാനുള്ള ഉത്തരവാദിത്തമാണു ടാക്‌സ് ഏജന്റുമാര്‍ക്കുള്ളത്. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി, എഫ്ടിഎയില്‍നിന്ന് അക്രഡിറ്റേഷന്‍ ലഭിച്ചതിനുശേഷം മാത്രമേ ടാക്‌സ് ഏജന്റായി പ്രാക്ടീസ് തുടങ്ങാവൂയെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അല്ലെങ്കില്‍ നിയമലംഘനമായി കരുതുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ ഇസര്‍വീസ് പോര്‍ട്ടലായ eservices.tax.ae വഴി റജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.tax.gov.ae
ടാക്‌സ് ഏജന്റ് റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍:
ടാക്‌സ്, അക്കൗണ്ടിങ്, നിയമം എന്നിവയില്‍ ഏതിലെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതല്ലാതെ, മറ്റു ബിരുദമുള്ളവര്‍ക്ക് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ടാക്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍നിന്ന് ടാക്‌സ് സര്‍ട്ടിഫിക്കേഷനുണ്ടെങ്കില്‍ അപേക്ഷ നല്‍കാവുന്നതാണ്.
നികുതി, അക്കൗണ്ടിങ്, നിയമം എന്നിവയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രഫഷനല്‍ പരിചയം വേണം. ഇംഗ്ലിഷിലും അറബിക്കിലും എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം തെളിയിക്കുന്ന ലാംഗ്വേജ് പ്രൊഫിഷന്‍സി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
സ്വഭാവ, ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് പ്രാഥമിക അനുമതി എഫ്ടിഎ നല്‍കിയാല്‍ റജിസ്‌ട്രേഷന്റെ അടുത്ത പടിയിലേക്കു കടക്കാം. അതോറിറ്റിയുടെ ടാക്‌സ് ഏജന്റ് പരീക്ഷയാണ് അടുത്ത ഘട്ടം. ടാക്‌സ് ഏജന്റ് റജിസ്‌ട്രേഷന് മൂവായിരം ദിര്‍ഹം ഫീസ് നല്‍കണം. ഇതു മൂന്നുവര്‍ഷത്തെ ഫീസാണ്. അംഗീകൃത ഓഫിസ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് കരാര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.