Currency

യുഎഇയില്‍ പുതുക്കി നിശ്ചയിച്ച തൊഴില്‍ പെര്‍മിറ്റ് ഫീസ് പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Monday, December 4, 2017 12:29 pm

അബൂദബി: കമ്പനികളുടെ തരംതിരിവിന് അനുസൃതമായി യു.എ.ഇയില്‍ പുതുക്കി നിശ്ചയിച്ച തൊഴില്‍ പെര്‍മിറ്റ് ഫീസ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. വിദഗ്ധ തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളുടെ സാംസ്‌കാരിക വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി കമ്പനികളെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. പുതിയ സംവിധാനമനുസരിച്ച് യു.എ.ഇ പൗരന്മാരെയോ മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയോ നിയമിക്കുന്ന കമ്പനികള്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് അടക്കേണ്ടതില്ല. മത്സ്യബന്ധന ബോട്ട് കമ്പനികളെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളായാണ് കമ്പനികളെ തരംതിരിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുനിന്ന് ഒരു ജീവനക്കാരനെ നിയമിക്കുന്നതിന് മൂന്ന് വിഭാഗത്തിലുള്ള കമ്പനികളും 200 ദിര്‍ഹമാണ് തൊഴില്‍ പെര്‍മിറ്റ് ഫീസ് നല്‍കേണ്ടത്. എന്നാല്‍, നിയമന കാലയളവ് രണ്ട് വര്‍ഷത്തേക്കാകുമ്പോള്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ഫീസില്‍ മാറ്റമുണ്ട്.

കൗമാരക്കാരുടെ ഒരു വര്‍ഷത്തെ പാര്‍ട്ട് ടൈം തൊഴില്‍ പെര്‍മിറ്റുകളുടെ അപേക്ഷക്ക് 100 ദിര്‍ഹവും തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് 500 ദിര്‍ഹവുമാണ് മൂന്ന് വിഭാഗത്തിലെയും കമ്പനികള്‍ നല്‍കേണ്ടത്. താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഓരോ സേവനങ്ങള്‍ക്കും 100 ദിര്‍ഹം വീതമാണ് കമ്പനികള്‍ നല്‍കേണ്ടത്. മൂന്ന് വിഭാഗം കമ്പനികള്‍ക്കും കമ്പനി രജിസ്റ്റര്‍ തുറക്കുന്നതിനുള്ള ഫീസ് 2000 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x