
മനാമ: രാജ്യത്ത് പുതുക്കിയ എക്സൈസ് നികുതി 2018ന്റെ ആദ്യപാദത്തിൽ തന്നെ പ്രബല്യത്തിൽ വരുമെന്ന് ധനമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു. പുതിയ നികുതിവ്യവസ്ഥ പ്രകാരം പുകയില, ഊർജ്ജ പാനീയങ്ങൾ എന്നിവക്ക് 100 ശതമാനവും സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനവും നികുതി നൽകണം.
ജി.സി.സി യൂണിഫൈഡ് എക്സൈസ് ടാക്സ് എഗ്രിമെന്റ് ലോ (39) എക്സൈസ് ടാക്സ് എഗ്രിമെന്റ് ലോ (40) എന്നിവ പ്രകാരമാണ് നികുതി വർധന ഏർപ്പെടുത്തുന്നത്. 2015 ഡിസംബറിൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ പ്രമേയത്തിലാണ് എക്സൈസ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകുന്നത്. 2016 നവംബറിൽ അംഗ രാജ്യങ്ങൾ ഒപ്പുവെച്ച കരാർ 2016 ഡിസംബറിൽ ബഹ്റൈൻ സുപ്രീം കൗൺസിലിന്റെ 37−ാം സെഷനിലും പാസാക്കിയിരുന്നു.
എക്സൈസ് ടാക്സ് വർദ്ധനവിലൂടെ ആരോഗ്യം, പരിസ്ഥിതി എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയുമെന്നാണു വിലയിരുത്തൽ. പുതിയ എക്സൈസ് നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാക്കുകയും വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും ദേശീയ ബജറ്റിൽ വരുമാനവും ചിലവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനും കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ നികുതി വ്യവസ്ഥകൾ ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ (https://www.mof.gov.bh) ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.