
അബൂദബി: യു.എ.ഇയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മഴ നിറഞ്ഞു പെയ്തത് ക്ലൗഡ് സീഡിങിന്റെ ഫലമായി. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്കന്‍ മേഖലകളിലും അബൂദബി നഗരത്തിലുമാണ് ക്ലൗഡ് സീഡിങ് നടത്തിയത്. ദുബായിലും അബൂദബിയിലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിക്കുന്ന രീതിയില്‍ കനത്ത മഴയാണ് പെയ്തത്. റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലും മഴ തുടര്‍ന്നു.
രണ്ടു ദിവസങ്ങളിലായി ആറു ദൗത്യങ്ങളാണ് നടത്തിയതെന്ന് ദേശീയ കാലാവസ്ഥാ പഠന കേന്ദ്രം (എന്‍.സി.എം) ഗവേഷണ വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍ യസീദി വ്യക്തമാക്കി. മേഘ പാളികളില്‍ ഉപ്പ് പരലുകള്‍ വിതറി ഈര്‍പ്പത്തെ മഴത്തുള്ളികളാക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്.
ബുധനാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്ക്- പടിഞ്ഞാറല്‍ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. ഉള്‍പ്രദേശങ്ങളിലും തീരമേഖലയിലും മണിക്കൂറില്‍ 18 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുമുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.