Currency

പരീക്ഷണ ഓട്ടത്തിനൊരുങ്ങി യുഎഇ തദ്ദേശീയമായി നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ്

സ്വന്തം ലേഖകന്‍Tuesday, January 16, 2018 2:16 pm

 

അബുദാബി: യുഎഇ തദ്ദേശീയമായി നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടത്തിനൊരുങ്ങി. ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് ബസ് 150 കിലോമീറ്റര്‍ ഓടും. കുറഞ്ഞ വലുപ്പവും ഭാരവുമുള്ള ബാറ്ററിയാണെന്നതാണു മറ്റൊരു പ്രത്യേകത. മസ്ദര്‍ സിറ്റിയിലാണ് ബസിന്റെ പരീക്ഷണ ഓട്ടം നടക്കുന്നത്. ബാറ്ററിയുടെയും ബസിന്റെ ഇതര ഘടകങ്ങളുടെയും മികവു ഈ സമയത്ത് വിലയിരുത്തും. യുഎഇയിലെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയതാണോ ഇവയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

അബുദാബിയിലെ മസ്ദറും ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഹഫിലാത് ഇന്‍ഡസ്ട്രിയും ചേര്‍ന്നാണു ബസ് രൂപകല്‍പന ചെയ്തു നിര്‍മിച്ചത്. അതേസമയം ഗള്‍ഫ് മേഖലയിലെ ശക്തമായ ചൂടാണ് ഇലക്ട്രിക് ബസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അബുദാബി ഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് അല്‍ ഹാഷിം പറഞ്ഞു. എന്നാല്‍ ഇതു തരണം ചെയ്യാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഇലക്ട്രിക് ബസുകള്‍ക്കു സാധ്യതകളേറെയാണ്. ഇന്ധനലാഭത്തിനു പുറമെ കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കാനും കഴിയും.

വിവിധയിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ടാക്സികളില്‍ പകുതിയും ഹൈബ്രിഡ് സംവിധാനത്തിലേക്കു മാറും. ഇതോടെ 33% എണ്ണ ലാഭിക്കാന്‍ ഇതുവഴി കഴിയുന്നു. കാര്‍ബണ്‍ മലിനീകരണത്തോതും അറ്റകുറ്റപ്പണികളും മറ്റു വാഹനങ്ങളേക്കാള്‍ കുറവായിരിക്കും. ശബ്ദമലിനീകരണവുമില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x