
അബുദാബി: റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. പാര്‍ക്കിങ് സ്ഥലത്തല്ലാതെ വാഹനം നിര്‍ത്തിയിടുന്നത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് പൊലീസ് അറിയിച്ചു.
തൊഴിലാളികളുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിയമം ലംഘിച്ച് റോഡരികില്‍ നിര്‍ത്തിയിട്ട് നിസ്കരിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലും ലേബര്‍ ക്യാപ് കോംമ്പൗണ്ടുകളിലുമുള്ള പ്രാര്‍ഥനാ സൗകര്യങ്ങള്‍ വാഹന യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
തൊഴിലാളികളുമായി സഞ്ചരിക്കുന്ന ബസുകളുടെയും മറ്റും ഡ്രൈവര്‍മാര്‍ക്കായി അബുദാബി പൊലീസ് വാഹന പാര്‍ക്കിങ് സുരക്ഷാ ക്യാമ്പയിന് നടത്തുന്നുണ്ട്. സ്വകാര്യ കമ്പനികളിലും ലേബര്‍ ക്യാമ്പുകളിലുമായാണ് ബോധവല്‍ക്കരണ ക്ലാസുകളും ബ്രോഷര്‍ വിതരണവും പൊലീസ് നടത്തുന്നത്. നിയമ വിരുദ്ധമായ ഭാഗങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്.
പരിഷ്കരിച്ച ട്രാഫിക് നിയമപ്രകാരം അനുമതിയുള്ള പാര്‍ക്കിങ് സ്ഥലത്തല്ലാതെ റോഡിന്റെ ഇടതുവശത്തു വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ 1000 ദിര്‍ഹം പിഴയൊടുക്കണം. റോഡ് ജംക്ഷനിലും ക്രോസിങ്ങിലും വാഹനം നിര്‍ത്തിയാല്‍ 500 ദിര്‍ഹവും പെഡസ്ട്രിയന്‍ ക്രോസിങ്ങുകളില്‍ നിര്‍ത്തിയിട്ടാല്‍ 400 ദിര്‍ഹവും പിഴ അടയ്ക്കണം. ഈ ഭാഗങ്ങളില്‍ വാഹനം ബ്രേക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്ന് പാര്‍ക്ക് ചെയ്താലും 500 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.