
കുവൈറ്റ് സിറ്റി: ഇഖാമ കാലാവധി കഴിഞ്ഞ മലയാളികൾ അടക്കമുള്ള പ്രവാസികൾക്കു ആശ്വാസമായി കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ അനധികൃത താമസക്കാർക്ക് ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ ശിക്ഷ കൂടാതെ രാജ്യം വിടുന്നതിനാണ് അവസരം നൽകിയിരിക്കുന്നത്.
പൊതുമാപ്പ് കാലയളവിൽ താമസ രേഖകൾ ഇല്ലാത്തവർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനും രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ച് രേഖകൾ ശരിയാക്കാനും സാധിക്കും. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അനധികൃത താമസക്കാർക്ക് കുവൈറ്റ് പൊതുമാപ്പ് നൽകിയിരിക്കുന്നത്.
പാസ്പോർട്ട് കൈയിലില്ലാത്ത അനധികൃത താമസക്കാരായ വിദേശികൾ എംബസ്സിയിൽ നിന്ന് ഔട്ട് പാസ്സ് ശരിയാക്കേണ്ടി വരും. പൊതുമാപ്പ് കാലയളവിലും നിയമലംഘകർക്കായുള്ള തിരച്ചിൽ തുടരുമെന്നും ഇത്തരത്തിൽ പിടിയിലാകുന്നവർക്കു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽ ജറാഹ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം സിവിൽ ക്രിമിനൽ കേസുകളിലോ സാമ്പത്തിക വ്യവഹാരങ്ങളിലോ ഉൾപ്പെട്ടവർക്ക് കേസ് നടപടികൾ പൂർത്തിയാക്കാതെ രാജ്യം വിടാൻ സാധിക്കുന്നതല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.