
ഒമാന്‍: ഗതാഗതനിയമ പരിഷ്കരണം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍വരും. വാഹനമോടിക്കുമ്പോള്‍ അശ്രദ്ധ പുലര്‍ത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി കടുത്ത ശിക്ഷ. ഒമാന്റെ ഗതാഗത, നിയമ മേഖലകളില്‍ വന്‍ അഴിച്ചു പണിയാണ് നടപ്പിലാവാന്‍ പോവുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കും. പിന്‍സീറ്റില്‍ ഉള്ളവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, കുട്ടികളുടെ ചൈല്‍ഡ്സീറ്റ് എന്നിവയാണ് പ്രധാന നിയമ ഭേദഗതികള്‍. അമിതവേഗവും അശ്രദ്ധമൂലവുമുള്ള അപകടങ്ങള്‍ കുറക്കുകയാണ് ഗതാഗത നിയമ പരിഷ്കരണത്തിന്റെ പ്രധാനലക്ഷ്യം.
അപകട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്ത്താതെപോകുന്നവര്ക്ക് പിഴയും ബ്ലാക്ക്പോയന്റുമാണ് കാത്തിരിക്കുന്നത്. 35 റിയാല്‍ പിഴയും രണ്ട് ബ്ലാക്ക് പോയന്റുമാണ് നിയമലംഘനത്തിന് ശിക്ഷ. പരിശീലകരില്ലാതെ ഡ്രൈവിങ് പഠിച്ചാല്‍ 35 റിയാല്‍ പിഴ നല്‍കണം. കൂടാതെ ലൈസന്‍സില്‍ ഒരു ബ്ലാക്ക് പോയിന്റ് ചേര്‍ക്കുകയും ചെയ്യും. പരിശീലന വാഹനം ഓടിക്കുമ്പോള്‍ ലൈസന്‍സുള്ള ഡ്രൈവറും കൂടെയുണ്ടാവണമെന്ന് ആര്.ഒ.പി ട്രാഫിക് വിഭാഗം അറിയിച്ചു. ഓരോ ഗതാഗത ലംഘനത്തിനും ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. ഇത് 12 പോയന്റായി ഉയര്‍ന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. പിന്നീട് വാഹനമോടിക്കണമെങ്കില്‍ പണമടച്ച് ടെസ്റ്റ് ജയിച്ച് പുതിയ ലൈസന്‍സ് നേടേണ്ടി വരും.
ആളുകളുടെ പരിക്കിനോ അല്ലെങ്കില്‍ സ്വത്തുവകകളുടെ നാശത്തിനോ വഴിവെക്കുന്ന അപകടങ്ങള്‍ ഉണ്ടായാല്‍ ഡ്രൈവര്‍ ഉടന്‍ അടുത്ത പൊലീസ്സ്റ്റേഷനിലോ ആംബുലന്‍സ് വിഭാഗത്തിലോ വിവരമറിയിക്കണം. പൊലീസ് സ്റ്റേഷനില്‍നിന്നോ ബന്ധപ്പെട്ട അധികൃതരില്‍ നിന്നോയുള്ള അനുമതിപ്പത്രമില്ലാതെ അപകടത്തില്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യരുതെന്നും പുതുക്കിയ നിയമം നിര്‍ദേശിക്കുന്നു.
ആംബുലന്‍സിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്താല്‍ 35 റിയാലാണ് പിഴ. റോഡിന്റെ വശങ്ങളിലൂടെ മറ്റ് വാഹനങ്ങളെ മറി കടന്നാല്‍ രണ്ട് ബ്ലാക്ക് പോയന്റും 50 റിയാലും പിഴ നല്‍കണം. ഡ്രൈവറെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മുഖം മറച്ച് വാഹനം ഓടിച്ചാല്‍ അമ്പത് റിയാല്‍ പിഴ ഈടാക്കുകയും മുന്ന് ബ്ലാക്ക് പോയിന്റും ചുമത്തുകയും ചെയ്യും. വാഹനത്തില്‍ അനാവശ്യ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒന്നാം തീയതി മുതല്‍ നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാണ്. ഗതാഗതനിയമ പരിഷ്കാരം സംബന്ധിച്ച ആര്.ഒ.പി ട്വിറ്ററിലൂടെ ബോധവത്കരണം നടത്തുന്നുണ്ട്.
പ്രധാന ഗതാഗത നിയമലംഘനങ്ങള്‍, പിഴ (റിയാലില്‍), ബ്രാക്കറ്റില്‍ ബ്ലാക്ക് പോയന്റ് എന്നീ ക്രമത്തില്‍:
1. നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ഇല്ലാതിരിക്കല്‍: 10 (1)
2. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍: 15 (2)
3. ഡ്രൈവറുടെ സീറ്റിനടുത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ സൂക്ഷിക്കാന്‍ ഹോള്‍ഡറോ ഉപകരണങ്ങളോ വെക്കുക: 15 (1)
4. സീറ്റ്ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍: 10 (1)
5. ആംബുലന്‍സുകളുടെ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യല്‍: 35 (1)
6. റോഡ് ഷോള്‍ഡറിലൂടെ വാഹനം മറികടക്കല്‍: 50 (2)
7. വേഗ ട്രാക്കില്‍ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കല്‍: 35 (1)
8. അംഗപരിമിതര്‍ക്കായുള്ള സ്ഥലത്തെ പാര്‍ക്കിങ്: 50 (2)
9. മുഖം തിരിച്ചറിയാന്‍ സാധിക്കാതെ മറച്ച് വാഹനമോടിക്കല്‍: 50 (3)
10. ലൈസന്‍സില്‍ ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കല്‍: 50 (3)
11. നമ്പര്‍പ്ലേറ്റ് അസ്ഥാനത്ത് സ്ഥാപിക്കല്‍: 35 (1)
12. ഇടതുവശത്ത് മഞ്ഞ വരയില്‍ പാര്‍ക്ക് ചെയ്യല്‍: 50 (2)
13. മോട്ടോര്‍ ബൈക്കില്‍ അനുമതിയില്ലാതെ ബോക്സ് സ്ഥാപിക്കല്‍: 15 (1)
14. രജിസ്ട്രേഷന് ഇല്ലാത്തതോ റദ്ദാക്കിയതോ ആയ കാര്‍ ഓടിക്കല്‍: 50 (2)
15. ബസുകളുടെയും ട്രക്കുകളുടെയും അപകടകരമായ ഓവര്‍ടേക്കിങ്: 35 (2)
16. അപകടകരമായ വിധത്തില്‍ റോഡരികില്‍ വാഹനം നിര്‍ത്തല്‍: 35 (1)
17. നിരോധിത സമയത്ത് ഹെവി വാഹനങ്ങള്‍ ഓടിക്കല്‍: 35 (1)
18. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കല്‍: 35 (2)
19. സ്റ്റിയറിങ്ങില്‍ പിടിക്കാതെയോ ശരിയായി ഇരിക്കാതെയോ വാഹനമോടിക്കല്‍: 35 (2)
20. ഹെവി വാഹനങ്ങളിലും ഉപകരണങ്ങളിലും റിഫ്ലക്ടിവ് മാര്‍ക്കിങ്ങുകള്‍ സ്ഥാപിക്കാതിരിക്കല്‍: 15 (1)
21. പ്രവേശനം നിരോധിച്ചതോ നിര്‍മാണം നടക്കുന്നതോ ആയ റോഡിലൂടെ വാഹനമോടിക്കുക: 10 (1)
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.