Currency

ഫൗണ്ടേഴ്‌സ് മെമോറിയല്‍ പൊതുജനങ്ങള്‍ക്കായി കവാടം തുറന്നു

സ്വന്തം ലേഖകന്‍Sunday, April 22, 2018 11:23 am

അബൂദബി: അബൂദബി കോര്‍ണിഷില്‍ സ്ഥാപിച്ച സ്ഥിരം സ്മാരകം ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ ഞായറാഴ്ച പൊതുജനങ്ങള്‍ക്കായി കവാടം തുറക്കും. സൗജന്യമായി സ്മാരകത്തില്‍ പ്രവേശിക്കാം. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് സ്മാരകം പ്രവര്‍ത്തിക്കുക. രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായാണ് സ്മാരകം സ്ഥാപിച്ചത്. അബൂദബി കോര്‍ണിഷില്‍ 3.3 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന സ്മാരകം രാഷ്ട്രപിതാവിന്റെ ജീവിത സന്ദേശവും പൈതൃകവും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

പബ്ലിക് ആര്‍ട്ടിസ്റ്റ് റാല്‍ഫ് ഹെല്‍മിക് ഡിസൈന്‍ ചെയ്ത ശൈഖ് സായിദിന്റെ ത്രിമാന പോര്‍ട്രെയ്‌റ്റോടെയുള്ള കോണ്‍സ്റ്റലേഷന്‍ പ്രധാന ആകര്‍ഷണമാണ്. ശൈഖ് സായിദിന്റെ ജീവിതം, പൈതൃകം, മൂല്യങ്ങള്‍ തുടങ്ങിയവ അപൂര്‍വ വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയും അറിയാന്‍ സാധിക്കും. അഭിമുഖങ്ങളുടെയും മറ്റും ഓഡിയോ ക്ലിപ്പികളിലൂടെ ശൈഖ് സായിദിന്റെ ശബ്ദം കേള്‍ക്കാനും കഴിയും. ഇംഗ്ലീഷിലും അറബിയിലുമുള്ള ടൂര്‍ ഗൈഡുകള്‍ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും.

ഈത്തപ്പനകളും അക്കേഷ്യകളും സമര്‍ മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പബ്ലിക് പ്ലാസ എന്ന പേരില്‍ ഒരുക്കിയ സ്ഥലത്ത് ജനങ്ങള്‍ക്ക് കലാസൃഷ്ടികളും ഉദ്യാനവും ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കും. ഫെബ്രുവരി 26നാണ് സ്മാരകം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x