Currency

അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് 25ന് തുടക്കം

സ്വന്തം ലേഖകന്‍Wednesday, April 25, 2018 1:05 pm

അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ ആയിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് സന്ദര്‍ശന സമയം.

മേള സന്ദര്‍ശിക്കാന്‍ എ.ഡി.ബി.എഫ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അഡ്‌നെകില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 63 രാജ്യങ്ങളില്‍നിന്നായി 1350 പ്രദര്‍ശകരാണ് ഇത്തവണത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്ന് 14 പ്രസാധകവിതരണ കമ്പനികള്‍ പങ്കെടുക്കും. 15 ദിര്‍ഹം നല്‍കിയാല്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍പ് ഡെസ്‌കില്‍നിന്ന് പാര്‍ക്കിങ് ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. പുസ്തകമേള അവസാനിക്കുവോളം അഡ്‌നെകിലെ പാര്‍ക്കിങ് സംവിധാനം ഉപയോപ്പെടുത്താന്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം.

35000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലൊരുക്കുന്ന പുസ്തകമേളയില്‍ 35ലധികം ഭാഷകളില്‍നിന്നുള്ള അഞ്ച് ലക്ഷം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ശില്‍പശാലകളും നടക്കും. മേള സന്ദര്‍ശിക്കുന്നവര്‍ക്കായി ഇലക്‌ട്രോണിക് കാര്‍ഡ് ലഭ്യമാക്കും. ഇതുവഴി പുസ്തകങ്ങള്‍ ക്രെഡിറ്റായി വാങ്ങാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x