Currency

മുപ്പത് കഴിയാത്ത വിദേശി ബിരുദധാരികളുടെ വീസ നിരോധനം നീക്കി

സ്വന്തം ലേഖകന്‍Monday, May 28, 2018 12:08 pm

കുവൈത്ത്: 30 വയസ്സിന് താഴെ പ്രായമുള്ള വിദേശി ബിരുദധാരികളുടെ റിക്രൂട്ടുമെന്റ് വിലക്കാനുള്ള തീരുമാനം കുവൈത്ത് റദ്ദാക്കി. അടുത്തമാസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ഉത്തരവ് റദ്ദാക്കിയത്. സ്വകാര്യ, എണ്ണമേഖലകളില്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിയമമാണ് നേരത്തെ ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നത്. എന്നാല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യവും പഠനം പൂര്‍ത്തിയാക്കിയ ഉടനെ പരിശീലനമൊന്നും നേടാതെ കുവൈത്തില്‍ എത്തുന്നവര്‍ക്ക് ആദ്യ തൊഴിലിടങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍ മാത്രമായി മാറുന്നു എന്നതുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ പറഞ്ഞിരുന്ന കാരണങ്ങള്‍. എന്നാല്‍ തൊഴില്‍ വിപണി നിയന്ത്രണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. മികച്ച തൊഴില്‍ പരിശീലനം നേടിയവരെ മാത്രം വിപണിയില്‍ ലഭ്യമാക്കുക, ഈ രംഗത്ത് യോഗ്യരായ തദ്ദേശീയ ചെറുപ്പക്കാര്‍ക്ക് അവസരം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിരുദത്തിന് മേല്‍ യോഗ്യതയുള്ള വിദേശികള്‍ക്ക് കുവൈത്ത് പ്രായപരിധി നിബന്ധന വെക്കാന്‍ കുവൈത്ത് ആലോചിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x