Currency

സൗദിയില്‍ 113 സ്വകാര്യ സ്‌കൂളുകള്‍ അടച്ചു

സ്വന്തം ലേഖകന്‍Saturday, June 16, 2018 12:35 pm

ജിദ്ദ: സൗദിയില്‍ 113 സ്‌കൂളുകള്‍ അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.

സ്‌കൂളിനു വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളില്‍ മാത്രമേ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും അല്ലാത്ത സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും നേരത്തെ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലം, ക്ലാസ് മുറികളുടെ വലുപ്പം, സുരക്ഷാ സംവിധാനങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള സൗകര്യങ്ങള്‍, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഈ നിബന്ധനകള്‍ പാലിക്കാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടിയത്.

സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചു പൂട്ടിയവയില്‍പെടും. ഈ സ്‌കൂളുകളില്‍ പഠിക്കുന്ന 19,826 വിദ്യാര്‍ഥികള്‍ക്ക് മന്ത്രാലയം മുന്‍കയ്യെടുത്തു മറ്റു സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. മലയാളി മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ സ്‌കൂളുകളും അടച്ചു പൂട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x