Currency

തൊഴില്‍ ഉപേക്ഷിക്കുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് അതത് കമ്പനികള്‍ തയാറാക്കണം

സ്വന്തം ലേഖകന്‍Thursday, June 28, 2018 12:31 pm

അബുദാബി: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍നിന്നു തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്ന സ്വദേശികളുടെ റിപ്പോര്‍ട്ട് അതതു കമ്പനികള്‍ തയാറാക്കണമെന്ന് അധികൃതര്‍. ജോലി രാജിവച്ചാലും കമ്പനി പിരിച്ചുവിട്ടാലും ഇതു ബാധകമാണ്. ജോലി നഷ്ടപ്പെടാനുണ്ടായ കാരണങ്ങള്‍ വിശദമാക്കുന്ന സമഗ്ര റിപ്പോര്‍ട്ട് തയാറാക്കണമെന്നാണു നിര്‍ദേശം. പിരിഞ്ഞു പോകാനുള്ള കാരണവും വഴിയൊരുക്കിയ സാഹചര്യങ്ങളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കണം. മനുഷ്യവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയം ഇതു പരിശോധിക്കും.

ജോലി ഉപേക്ഷിക്കാനുണ്ടായ കാരണങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാരുമായി കമ്പനിയധികൃതര്‍ നടത്തുന്ന അഭിമുഖത്തില്‍ ശ്രമിക്കും. തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജോലി നല്‍കിയ സ്ഥാപനത്തിനോ ജീവനക്കാരനോ പരാതിയുണ്ടെങ്കില്‍ അഞ്ചു പ്രവൃത്തിദിവസത്തിനകം കേസ് കോടതിയിലേക്കു നീക്കണമെന്നാണു നിയമം. ഇതു ജീവനക്കാരനെ സ്ഥാപനത്തില്‍ നിലനിര്‍ത്തി ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്ഥാനക്കയറ്റം, വേതനം, തൊഴില്‍ സുരക്ഷ, സ്ഥിരത, സഹപ്രവര്‍ത്തകരുമായുള്ള ബന്ധം, തൊഴില്‍ശേഷി, തൊഴില്‍ അന്തരീക്ഷം എന്നിവയെല്ലാം അഭിമുഖ ചോദ്യാവലിയില്‍ വിലയിരുത്തണം. അതേസമയം ആള്‍മാറാട്ടം നടത്തുകയോ വ്യാജ സാക്ഷ്യപത്രങ്ങള്‍ സമര്‍പ്പിച്ചു ജോലി തരപ്പെടുത്തുകയോ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തതായി തെളിഞ്ഞാല്‍ കമ്പനിക്കു പിരിച്ചുവിടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x