
കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കുവൈത്ത് മന്ത്രിസഭ നിരാകരിച്ചു. റെമിറ്റന്‍സ് ടാക്സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തിയാണ് മന്ത്രിസഭ നിര്‍ദേശം തള്ളിയത്. ഒക്ടോബറില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നികുതി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് മന്ത്രിസഭ ഈ വിഷയത്തിലുള്ള നിലപാട് അറിയിച്ചത്.
വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിര്ദേശത്തിന്മേല് പാര്‍ലമെന്റിലെ നിയമകാര്യ സമിതിക്കും സാമ്പത്തികകാര്യ സമിതിക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. നികുതി ഏര്‍പ്പെടുത്തണമെന്ന് സാമ്പത്തികകാര്യ സമിതി വാദിക്കുമ്പോള്‍ നിയമകാര്യ സമിതി നികുതിനിര്‍ദേശം രാജ്യത്തിനു ദോഷം ചെയ്യും എന്ന നിലപാടിലാണ്.
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ലമെന്റില്‍ വന്ന നിര്‍ദേശം. എന്നാല്‍ ടാക്സ് ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി വിലയിരുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.