Currency

സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളില്‍ ഇളവിനൊരുങ്ങി സൗദി

സ്വന്തം ലേഖകന്‍Thursday, July 12, 2018 1:26 pm

റിയാദ്: സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ ഇളവിന് സൗദി മന്ത്രാലയം പഠനം തുടങ്ങി. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളതുള്‍പ്പടെയുള്ള ജോലികളില്‍ വിദേശികളെ നിലനിര്‍ത്താനാണ് നീക്കം. എന്നാല്‍ നിശ്ചിത എണ്ണം സൗദികളെ നിയമിക്കുന്നവര്‍ക്കേ ഇത് ഉപയോഗപ്പെടുത്താനാകൂ. ഇതോടെ രണ്ടോ മൂന്നോ പേര്‍ ജോലി ചെയ്യുന്ന കടകളില്‍ സ്വദേശിയെ നിയോഗിക്കേണ്ടി വരും.

സെപ്തംബറില്‍ വരാനിരിക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഇളവുണ്ടാകുമെന്ന് സൗദിവല്‍ക്കരണത്തിന്റെ കരടു ഗൈഡില്‍ സൗദി തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഒപ്റ്റിക്കല്‍ ടെക്നീഷ്യന്‍, കാര്‍ മെക്കാനിക്ക്, വാച്ച് ടെക്നീഷ്യന്‍, ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നന്നാക്കുന്നതുള്‍പ്പയുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് താല്ക്കാലികമായി തുടരാം. ടൈലര്‍, പാചകക്കാരന്‍, പലഹാര നിര്‍മാണ വിദഗ്ദര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സൗദിവല്‍ക്കരണത്തില്‍ ഇളവുണ്ടാകും.

കരടു ഗൈഡ് അനുസരിച്ച് ഒരു ജീവനക്കാരന്‍ മാത്രമുള്ള സ്ഥാപനങ്ങളില്‍ സൗദികള്‍ക്കു മാത്രമാണ് ജോലി ചെയ്യാനാവുക. ഇതില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം സൗദികളാകണം. ഇത് പ്രകാരം 2 ജീവനക്കാരുണ്ടെങ്കില്‍ ഒരാള്‍ സ്വദേശിയായിരിക്കണം. നിയമം ലംഘിച്ചാല്‍ പിഴയുറപ്പാണ്. കട തുറന്നാല്‍ മുഴുവന്‍സമയം ഒരു സ്വദേശിയെങ്കിലും ഇനി നിര്‍ബന്ധമാണ്.

അതിനിടെ പുതുതായി പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവത്കരണത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. സെപ്തംബര്‍ 11നാണ് സ്വദേശിവത്കരണം തുടങ്ങുക. സ്വദേശിവത്കരണം തുടങ്ങാനിരിക്കെ വിദേശികളുടെ വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x