
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ പുതുതായി പണിയുന്ന വീടുകളില്‍ പാരമ്പര്യേതര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാന്‍ പര്യാപ്തമാകും വിധമുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദ്ദേശം. രാജ്യത്ത് പാരമ്പര്യേതര സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുക വഴി 2030 ഓടെ രാജ്യത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 15% ഇത്തരം വൈദ്യുതിയില്‍ നിന്നാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്താന്‍ ജലംവൈദ്യുതി മന്ത്രി ബഖീത് അല്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, പുനരുപയോഗ വൈദ്യുതി സംബന്ധിച്ച കമ്മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
എണ്ണ ഉപയോഗിച്ചുള്ള പാരമ്പര്യ വൈദ്യുതി ഉത്പാദനം കുറയ്ക്കുകയും സോളര്‍, കാറ്റാടി എന്നിവയിലൂടെ വൈദ്യുതി ഉത്പാദനം കൂട്ടുകയുമാണ് പദ്ധതി. വൈദ്യുതി ഉത്പാദനത്തിന് പുതിയ സ്രോതസുകള്‍ കണ്ടെത്തുന്നതിനൊപ്പം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളും കാര്യക്ഷമമാക്കണമെന്ന തീരുമാനവും യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.