Currency

അറ്റകുറ്റപ്പണി: അബുദാബിയില്‍ മൂന്ന് റോഡുകളില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Tuesday, July 17, 2018 1:06 pm

അബുദാബി: അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അബുദാബിയിലെ മൂന്നു റോഡുകളില്‍ ഗതാഗത നിയന്ത്രണം. അബുദാബി-അല്‍ഐന്‍ റോഡ് (ഇ-22), അബുദാബി-അല്‍ഐന്‍ ട്രക്ക് റോഡ് (ഇ30), ഷക്ബൂത്ത് സിറ്റിയിലെ മുപ്പത്തിമൂന്നാം സ്ട്രീറ്റ് എന്നീ റോഡുകളിലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബി-അല്‍ഐന്‍ റോഡില്‍ 21 വരെ വലതുവശത്തെ രണ്ടു ലെയ്‌നുകളാണ് അടച്ചിടുക.

പ്രവൃത്തി ദിവസങ്ങളില്‍ വലതു വശത്തെ ഒരു ലെയ്‌നും വാരാന്ത്യങ്ങളില്‍ രണ്ടു ലെയ്‌നുകളും അടച്ചിടും. അബുദാബി-അല്‍ഐന്‍ ട്രക്ക് റോഡില്‍ (ഇ30) അബുദാബി ഭാഗത്തേക്കുള്ള റോഡിലെ വലതു ലെയ്‌നില്‍ 22 വരെയാണ് നിയന്ത്രണം. അല്‍ഖലീജ് അല്‍ അറബ് സ്ട്രീറ്റില്‍നിന്ന് ട്രക്ക് റോഡിലെ അബുദാബി ഭാഗത്തേക്കുള്ള എക്‌സിറ്റും അടച്ചിടും. ഷക്ബൂത്ത് സിറ്റിയിലെ മുപ്പത്തിമൂന്നാം സ്ട്രീറ്റില്‍ 28 വരെ ഇരുവശത്തേക്കുമുള്ള റോഡ് അടച്ചിടും.

മുപ്പത്തിമൂന്നാം സ്ട്രീറ്റിലെ രണ്ട് റൗണ്ട് എബൗട്ടുകള്‍ക്കിടയിലുള്ള റോഡില്‍ മാത്രമാണ് ഗതാഗത നിയന്ത്രണമുള്ളത്. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നും വേഗം കുറച്ച് ഗതാഗത നിയമം പാലിച്ചു വാഹനം ഓടിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x