
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴില്‍ പ്രശ്നം മൂലം നാട്ടിലേക്ക് പോയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കുവൈത്ത് തൊഴില്‍ മന്ത്രാലയം നഷ്ടപരിഹാരം നല്കുന്നു. മാന്‍ പവര്‍ അതോറിറ്റിയില്‍ പരാതി രജിസ്റ്റര്‍ ചെയ്ത 710 തൊഴിലാളികള്‍ക്കാണ് 250 ദിനാര്‍ വീതം നല്‍കുക. നഷ്ടപരിഹാരത്തിന് അര്‍ഹരായ തൊഴിലാളികകളുടെ പേര് വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴില്‍ പ്രശ്നത്തെ തുടര്‍ന്ന് മാന്‍ പവര്‍ അതോറിറ്റിയില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് താമസാനുമതി കാന്‍സല്‍ ചെയ്തു നാട്ടിലേക്ക് പോകുകയും ചെയ്ത തൊഴിലാളികള്‍ക്കാണ് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടത്. കറാഫി കമ്പനിയുടെ ഇഖാമയിലുള്ളവരും 2017 നവംബര്‍ ഒന്നിനും 2018 ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലേക്ക് പോയവരുമായ 710 പേരുടെ പട്ടിക ഇന്ത്യന്‍ എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികയില്‍ പേരുള്ള തൊഴിലാളികള്‍ പാസ്സ്പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒറിജിനല്‍ പവര്‍ ഓഫ് അറ്റോര്‍ണിയും നാട്ടിലെ ഫോണ്‍ നമ്പറും സഹിതം കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ വിലാസത്തില്‍ കൊറിയര്‍ അയയ്ക്കണമെന്നു അധികൃതര്‍ നിര്‍ദേശിച്ചു.
പവര്‍ ഫോറം ഓഫ് അറ്റോര്‍ണി, ഹോം ഡിപ്പാര്‍ട്ട്മെന്റ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ കുവൈത്ത് എംബസ്സി എന്നിവയുടെ അറ്റസ്റ്റേഷന് നിര്‍ബന്ധമാണ്. ഇതിനുള്ള ഫോറം എംബസി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അതേസമയം തൊഴില്‍ പ്രശ്നത്തെ തുടര്‍ന്ന് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യാതെ നാട്ടിലേക്ക് പോയ തൊഴിലാളികള്‍ പേര്, സിവില്‍ ഐഡി നമ്പര്‍, ജോലി ചെയ്ത പ്രൊജക്റ്റിന്റെ നമ്പര്‍, നാട്ടിലേക്ക് തിരിച്ച തിയ്യതി എന്നീ വിവരങ്ങള്‍ labour@indembkwt.org എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്നും ഇന്ത്യന്‍ എംബസ്സിയുടെ അറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.