Currency

അബുദാബിയിലെ ബസ് സമയങ്ങളില്‍ മാറ്റം

സ്വന്തം ലേഖകന്‍Monday, July 30, 2018 12:37 pm

അബുദാബി: അബുദാബിയിലെ ബസ് സര്‍വീസുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലേക്കു നേരിട്ട് ബസ് സര്‍വീസ് എ10 ആരംഭിച്ചു. 101, 102, 110, 111 റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തും. അബുദാബി ഖലീഫ സ്ട്രീറ്റില്‍ നിന്ന് മുസഫ വ്യവസായ മേഖല വഴി ഡല്‍മ മാളിലേക്കുള്ള നമ്പര്‍ 101 ബസ് ഇനി മുതല്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും.

മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ പുതിയ ബസ്സ്റ്റേഷനില്‍ നിന്ന് സ്ട്രീറ്റ് 18, സ്ട്രീറ്റ് 26 വഴി ഖലീഫ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലേക്കും തിരിച്ചും പോകുന്ന നമ്പര്‍ 102 ബസും ഇനി മുതല്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഐ കാര്‍ഡ് റെസിഡന്‍ഷ്യല്‍ സിറ്റി, സായിദ് സ്പോര്‍ട്സ് സിറ്റി, അബുദാബി ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ട് നമ്പര്‍ 110, മുസഫ വര്‍ക്കര്‍ വില്ലേജ് മാളില്‍ നിന്ന് സ്ട്രീറ്റ് എട്ടുവഴി സായിദ് സ്പോര്‍ട്സ് സിറ്റിയിലൂടെ അബുദാബി ഖലീഫ സ്ട്രീറ്റിലേക്ക് പോകുന്ന റൂട്ട് നമ്പര്‍ 111 ബസുകള്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.

210, 216, 410 ബസ് റൂട്ടുകളിലും മാറ്റമുണ്ട്. നമ്പര്‍ 210 ബസ് ഇനി മുതല്‍ ഡല്‍മ മാള്‍, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മാസ്യാദ് മാള്‍, അല്‍ബാഹിയ, ഷഹാമ, അല്‍റഹ്ബ ആശുപത്രി റൂട്ടിലായിരിക്കും ഓടുക. ബസ് നമ്പര്‍ 216ന് പകരം 218 ആയിരിക്കും ഈ റൂട്ടിലോടുക. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ഗതാഗത മേഖലയിലെ പരിഷ്‌കാരമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x