
കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിലെ ജോലിക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആറുമാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയോട് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ആവശ്യപ്പെട്ടു. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പ്രത്യേകസമിതി പരിശോധിക്കുന്നത്.
വ്യാജമാണെന്ന് കണ്ടാല്‍ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റാനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് രാജിവെച്ച ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് രാജിവെച്ചശേഷം മറ്റ് ഉയര്‍ന്ന യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് സ്വകാര്യ ക്ലിനിക്കുകളും ഫാര്‍മസികളും നടത്തുന്നുണ്ടെങ്കില്‍ അവയുടെ ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കും.
വിദേശ രാജ്യങ്ങളിലുള്ള കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് അവിടങ്ങളിലുള്ള സര്‍ക്കാറിന്റെ സഹായത്തോടെയായിരിക്കും വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.