Currency

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് 2 വര്‍ഷത്തേക്ക് മരവിപ്പിക്കും

സ്വന്തം ലേഖകന്‍Friday, August 10, 2018 5:54 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കുമെന്ന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാലാണ് തൊഴിലാളിക്കെതിരെ നടപടിയെടുക്കുക എന്ന് അതോറിറ്റി വ്യക്തമാക്കി.

മറ്റു കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ ഒളിക്കു വെച്ചാല്‍ തൊഴിലുടമക്കെതിരെയും നടപടിയെടുക്കും. കുറ്റകൃത്യത്തിന്റെ വ്യാപ്തിയനുസരിച്ച് റിക്രൂട്ട്‌മെന്റ് തല്‍ക്കാലത്തേക്ക് വിലക്കുന്നത് മുതല്‍ കോടതി നടപടി വരെ നേരിടേണ്ടി വരുമെന്നു അധികൃതര്‍ വ്യക്തമാക്കി. അതോറിറ്റിയില്‍ നല്‍കുന്ന വിവരങ്ങളില്‍ ചതിയോ തിരിമറിയോ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കമ്പനികളുടെ ഫയലുകള്‍ തല്‍ക്കാലത്തേക്കു മരവിപ്പിക്കാനും സ്ഥിരമായി ക്ലോസ് ചെയ്യാനും മാന്‍പവര്‍ അതോറിറ്റിക്ക് അധികാരമുണ്ട്.

തൊഴിലാളി തുടര്‍ച്ചയായ ഏഴുദിവസം അറിയിപ്പില്ലാതെ ഹാജരാകാതിരുന്നാല്‍ സ്ഥാപന അധികൃതര്‍ 15 ദിവസത്തിനകം വിശദ വിവരങ്ങള്‍ സഹിതം ആഭ്യന്തര മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. പരാതി നല്‍കിയതിന് ശേഷം തൊഴിലാളി ജോലിക്കെത്തിയാല്‍ ഒളിച്ചോട്ടക്കേസ് പിന്‍വലിക്കുന്നതിന് മുമ്പ് ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും അധികൃതര്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x