
അബുദബി: പ്രവാസി മലയാളികള്‍ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. വേനല്‍ അവധി കഴിഞ്ഞ് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോരുന്ന പ്രവാസികളെയാണ് അഞ്ചിരട്ടി നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍ വെട്ടിലാക്കിയിരിക്കുന്നത്.
അതുമാത്രവുമല്ല ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന പല വിമാനങ്ങളിലും സീറ്റില്ല. പ്രളയത്തില്‍ മുങ്ങിയതുമൂലം അടച്ച നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടിയതോടെ കോഴിക്കോടും തിരുവനന്തപുരവും അടക്കം മറ്റു സെക്ടറുകളിലെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി നാട്ടിലേക്ക് പോയവരും തിരിച്ചുവരാനാവാതെ പ്രയാസത്തിലാണ്.
വേനല്‍ അവധി കഴിഞ്ഞ് ഗള്‍ഫില്‍ സെപ്റ്റംബര്‍ രണ്ടിന് സ്കൂളുകള്‍ തുറക്കും. അതിന് മുന്‍പ് തിരിച്ചെത്താനായില്ലെങ്കില്‍ കുട്ടികളുടെ പഠനത്തെ അത് ബാധിക്കുമോ എന്ന ആധിയും മാതാപിതാക്കള്‍ക്കുണ്ട്. നേരത്തെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കിനെക്കാള്‍ അഞ്ചിരട്ടിയില്‍ അധികം വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു സെക്ടറുകളില്‍നിന്നും ഇതുതന്നെയാണ് അവസ്ഥയെന്ന് ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥരും പറയുന്നു. ഈ സെക്ടറുകളിലൊന്നിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് വരും ദിവസങ്ങളില്‍ ലഭ്യമല്ലെന്നും അവര്‍ പറയുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.