Currency

കെട്ടിക്കിടക്കുന്ന പാസഞ്ചര്‍ ബാഗേജുകളുടെ ഉത്തരവാദിത്തം ഗ്രൗണ്ട് സര്‍വീസ് കമ്പനികള്‍ക്ക്

സ്വന്തം ലേഖകന്‍Friday, August 24, 2018 1:20 pm

കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്ന പാസഞ്ചര്‍ ബാഗേജുകളുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കു ഗ്രൗണ്ട് സര്‍വീസ് നല്‍കുന്ന കമ്പനികളുടേതായിരിക്കുമെന്നു വ്യോമയാന അധികൃതര്‍ അറിയിച്ചു. യാത്രക്കാരനോടൊപ്പം എത്തിപ്പെടാത്തത് ഉള്‍പ്പെടെയുള്ള ബാഗേജുകളാണ് പിന്നീടു വിമാനത്താവളത്തില്‍ എത്തുന്നത്.

പ്രസ്തുത ബാഗേജുകള്‍ സൂക്ഷിക്കുക എന്നതു മാത്രമാണു ഗ്രൗണ്ട് സര്‍വീസ് കമ്പനികളുടെ ബാധ്യത. അല്ലാതെ അവ ഉടമയുടെ വീട്ടില്‍ എത്തിക്കേണ്ട ബാധ്യതയില്ല. വിമാനങ്ങള്‍ റദ്ദാക്കുന്നതു കാരണമാണ് ബാഗേജുകള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നത്.

അത്തരം ബാഗേജുകള്‍ വന്ന രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയയ്ക്കാനും അല്ലാത്തവ വിമാനത്താവളത്തിനു പുറത്തുള്ള വെയര്‍ഹൗസിലേക്കു മാറ്റാനുമുള്ള ഉത്തരവാദിത്തം ഗ്രൗണ്ട് സര്‍വീസ് കമ്പനിക്കാണ്. എയര്‍ലൈന്‍സുകളും ഗ്രൗണ്ട് സര്‍വീസ് കമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം ബാഗേജുകള്‍ പരമാവധി രണ്ടു ദിവസം മാത്രമേ വിമാനത്താവളത്തില്‍ സൂക്ഷിക്കേണ്ടതുള്ളൂ. പിന്നീടു ഗ്രൗണ്ട് സര്‍വീസ് കമ്പനിയുടെ മെയിന്‍ സ്റ്റോറില്‍ ആറു ദിവസം സൂക്ഷിക്കണം.

എന്നിട്ടും ഉടമകള്‍ സ്വീകരിക്കാത്തപക്ഷം വന്ന രാജ്യത്തേക്കു തിരിച്ചയയ്ക്കണം. അതേസമയം, കുവൈറ്റ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളുടെ വിമാനങ്ങളില്‍ വൈകി വരുന്ന ബാഗേജുകളാണെങ്കില്‍ അവ വന്ന രാജ്യത്തേക്കു തിരിച്ചയയ്ക്കേണ്ടതില്ല. അത്തരം ബാഗേജുകള്‍ വെയര്‍ഹൗസില്‍ മൂന്നു മാസംവരെ സൂക്ഷിക്കാം. ആളില്ലാത്ത ബാഗേജുകളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ട്. യാത്രക്കാര്‍ക്കൊപ്പംതന്നെ ബാഗേജും കയറ്റി അയയ്ക്കുന്നുവെന്ന കാര്യം വിമാനക്കമ്പനികള്‍ ഉറപ്പാക്കിയാല്‍ ഒരുപരിധിവരെ പ്രശ്നം ഇല്ലാതാകുമെന്നും വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x