Currency

അവധിക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

സ്വന്തം ലേഖകന്‍Monday, August 27, 2018 11:57 am

അബുദബി: പത്തു ദിവസത്തെ അവധിക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്.

ഈ മാസം ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പെരുന്നാള്‍ പ്രമാണിച്ച് പത്തു ദിവസത്തേക്ക് അവധി നല്‍കുകയായിരുന്നു. കടുത്ത ചൂടില്‍നിന്ന് രക്ഷ നേടുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അബുദബി, ദുബായ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ശീതീകരിച്ച പ്രത്യേക ടെന്റുകളിലാണ് പൊതുമാപ്പ് നടപടികള്‍ നടന്നുവരുന്നത്. അബുദബിയിലെ മൂന്നും ദുബായില്‍ ഒന്നും അടക്കം യുഎഇയില്‍ ഒന്‍പതു കേന്ദ്രങ്ങളാണ് ഉള്ളത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വിസയും അനുവദിക്കുന്നുണ്ട്. നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ പൊതുമാപ്പ് ആനുകൂല്യം എത്രയും വേഗം ഉപയോഗപ്പെടുത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x