
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു. മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 31 വരെ മൂന്ന് മാസം രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു മധ്യാഹ്ന ജോലി വിലക്ക് പ്രാബല്യത്തിലുണ്ടായത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിര്‍മാണ കമ്പനികളെയും കണ്ടെത്താന്‍ രാജ്യ വ്യാപകമായി ശക്തമായ പരിശോധനയാണ് നടന്നത്. പരിശോധനകളില്‍ ഉച്ചനേരത്ത് തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിപ്പിച്ച 357 ഇടങ്ങള്‍ കണ്ടെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കമ്പനികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയും അല്ലാതെയും 368 തൊഴിലാളികള്‍ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച 16 പരാതികള്‍ പരിസരവാസികളില്‍ നിന്ന് ലഭിച്ചതാണ്. ഇതില്‍ മൂന്നിടങ്ങളില്‍ ഒന്നിലേറെ തവണയാണ് പരിശോധന അരങ്ങേറിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.