
അബുദാബി: അബുദാബി ഐലന്‍ഡിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവ് അവസാനിച്ചു. ഇനി ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഓഗസ്റ്റ് 18 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചവരെ പിഴ ഈടാക്കിയിരുന്നില്ല.
മുറൂര്‍, അല്‍ബത്തീന്‍ തുടങ്ങി നേരത്തേ സൗജന്യ പാര്‍ക്കിങ് ആയിരുന്ന മേഖലകളും ഇപ്പോള്‍ പെയ്ഡ് പാര്‍ക്കിങ് പരിധിയിലാക്കി. പാര്‍ക്കിങ് ഇളവ് അവസാനിച്ചതോടെ നിയമലംഘകര്‍ക്കായുള്ള പരിശോധനയും ശക്തമാക്കി. താമസ കേന്ദ്രങ്ങളെയും അല്ലാത്ത ഭാഗങ്ങളെയും വേര്‍തിരിച്ച് രണ്ടായാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസ കേന്ദ്രങ്ങളില്‍ റഡിസന്റ് പെര്‍മിറ്റ് എടുത്തവര്‍ക്കു മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ അവസരമുള്ളത്. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടുവരെ ഈ മേഖലകളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല. മറ്റു മേഖലകളില്‍ മണിക്കൂര്‍ കണക്കാക്കി ഫീസ് അടച്ച് പാര്‍ക്ക് ചെയ്യേണ്ടിവരും.
എമിറേറ്റില്‍ പാര്‍ക്കിങ് നിയമം കര്‍ശനമാക്കിയതോടെ 26,000 വാഹനങ്ങള്‍ കൂടി നിര്‍ത്തിയിടാനുള്ള സൗകര്യം സജ്ജമാക്കിയതായി ഗതാഗത വിഭാഗത്തിലെ മവാഖിഫ് പാര്‍ക്കിങ് മേധാവി ഖമീസ് അല്‍ ദമനി പറഞ്ഞു. കോര്‍ണിഷ് മുതല്‍ മഖ്ത പാലം വരെയും ഷെയ്ഖ് സായിദ് പാലം മുതല്‍ മുസഫ പാലം വരെയുള്ള എല്ലാ സ്ഥലങ്ങളും പാര്‍ക്കിങ് പരിധിയിലായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.