Currency

യുഎഇയില്‍ തൊഴിലാളികള്‍ക്ക് അനുവദിച്ച മൂന്നു മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു

സ്വന്തം ലേഖകന്‍Sunday, September 16, 2018 11:36 am

അബുദാബി: കടുത്ത ചൂടില്‍നിന്നു തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ ഉച്ചവിശ്രമം ഇന്നലെ അവസാനിച്ചു. കൊടും ചൂട് അനുഭവപ്പെടുന്ന ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണു നിര്‍ബന്ധിത ഉച്ചവിശ്രമം നടപ്പാക്കിയത്. ഈ കാലയളവില്‍ ഉച്ചയ്ക്കു പന്ത്രണ്ടര മുതല്‍ മൂന്നു വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നായിരുന്നു നിയമം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുംവിധം പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണു വിശ്രമം നല്‍കിയിരുന്നത്.

ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായാണു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടുമായി ജോലിസമയം പുനഃക്രമീകരിച്ചാണു കമ്പനികള്‍ ഇതിനെ അതിജീവിച്ചത്. എട്ടു മണിക്കൂര്‍ കണക്കാക്കി ചില കമ്പനികള്‍ അതിരാവിലെ ജോലി തുടങ്ങി ഉച്ചയോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. യുഎഇയിലെ ചിലയിടങ്ങളില്‍ ഇത്തവണ 51 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

സൂര്യാഘാതവും നിര്‍ജലീകരണവും ഉള്‍പെടെയുള്ള സംഭവങ്ങള്‍ ഇത്തവണ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് ജോലിചെയ്യിപ്പിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ 350 പരിശോധകരെയും ചുമതലപ്പെടുത്തിയിരുന്നു. നിയമം ലംഘിച്ച് ഇങ്ങനെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചാല്‍ കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തും. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടയുന്നതടക്കം കടുത്ത ശിക്ഷയെക്കുറിച്ചും മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ഇത്തവണ നിയമലംഘനം കുറവായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x