
റിയാദ്: സൗദിയില്‍ പാര്‍പ്പിട വാടക കുത്തനെ കുറയുന്നതായി ഔദ്യോഗിക കണക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ടതാണ് കണക്ക്. പ്രവാസികളുടെ തിരിച്ചു പോക്കും പാര്‍പ്പിട പദ്ധതിയും വാടക കുത്തനെ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
ജീവിത ചെലവ് സൂചികയില്‍ പാര്‍പ്പിട വാടക വിഭാഗം സൂചിക മൂന്നര ശതമാനം കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഏഴാം മാസമാണ് വാടക കുറയുന്നത്. റിയാദ്, ജിദ്ദ, മക്ക, മദീന, ഖസീം തുടങ്ങിയ പ്രധാന പ്രവിശ്യകളില്‍ വാടക കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല്പത് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളുടെ വലിയ കൊഴിഞ്ഞു പോക്കുണ്ടായി. ഒപ്പം സ്വദേശികള്‍ക്കായി സൗദി ഭരണകൂടം പാര്‍പ്പിട പദ്ധതിയും തുടങ്ങി. രണ്ടും വാടക കുറയാന്‍ കാരണമായി. അയ്യായിരം മുതല്‍ എണ്ണായിരം റിയാല്‍ വരെ ചില പ്രവിശ്യകളില്‍ വാടക കുറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.