Currency

മക്ക-മദീന-ജിദ്ദ അല്‍ ഹറമൈന്‍ റെയില്‍വേ പദ്ധതി സല്‍മാന്‍ രാജാവ് നാടിനു സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍Wednesday, September 26, 2018 12:41 pm

ജിദ്ദ: മക്ക-മദീന-ജിദ്ദ നഗരങ്ങളെ ബന്ധിപ്പിച്ചു നിലവില്‍ വന്ന അല്‍ ഹറമൈന്‍ റെയില്‍വേ പദ്ധതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നാടിനു സമര്‍പ്പിച്ചു. ഒക്ടോബര്‍ ആദ്യവാരം ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങും. തീര്‍ഥാടകരുടെ യാത്രാ സമയം ഇനി പകുതിയായി കുറയും. മക്ക-മദീന യാത്രക്കു വേണ്ട സമയം കേവലം രണ്ടര മണിക്കൂര്‍ മാത്രം. ജിദ്ദ-മക്ക സെക്ടറില്‍ 21 മിനുട്ടും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലോടും അല്‍ഹറമൈന്‍ അതിവേഗ ട്രെയിന്‍.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. പദ്ധതിയെ സഃബന്ധിച്ച ഡോക്യൂമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശേഷം ജിദ്ദയില്‍ നിന്നും മദീനയിലേക്ക് യാത്ര ചെയ്തുകൊണ്ടാണ് സല്‍മാന്‍ രാജാവ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്.

35 ട്രെയിനുകളാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. 13 ക്യാബിനുകളിലായി 417 സീറ്റുകള്‍. ആദ്യ വര്‍ഷം സ്പാനിഷ് കമ്പനിക്കാണ് ട്രെയിന്‍ ഓപ്പറേഷന്‍ ചുമതല. ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം ഉടന്‍ ആരംഭിക്കും.

മൂന്ന് ഘട്ടങ്ങളായാണ് ഹറമൈന്‍ റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കിയത്. 138 പാലങ്ങള്‍, 850 കനാലുകള്‍ എന്നിവ റെയില്‍വേ കടന്നുപോവുന്ന വഴിയില്‍ നിര്‍മിച്ചു. മക്ക, മദീന, ജിദ്ദ, റാബഗ് എന്നിങ്ങനെ 4 സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ജിദ്ദ വിമാനത്താവളത്തിനടുത്തായി അഞ്ചാമത്തെ സ്റ്റേഷന്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x