
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലകളിലേക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മാര്‍ക്ക് മാനദണ്ഡം ആക്കാന്‍ നീക്കം. ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാത്ത വിദേശി ബിരുദധാരികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്താന്‍ മാന്‍ പവര്‍ അതോറിറ്റി ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബിരുദധാരികളായ വിദേശി ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. തൊഴില്‍ വിപണിയില്‍ വ്യാപക ക്രമീകരണം വരുത്തുന്നതിന്റെ ഭാഗമായി കഴിവും പ്രാവീണ്യവും കൂടുതലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്നതിനെ കുറിച്ചാണ് അധികൃതര്‍ ആലോചിക്കുന്നത്. യോഗ്യതകളില്ലാത്ത തൊഴിലാളികളുടെ വരവ് കുറക്കുക, വിസക്കച്ചവടം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുതിയ ഉത്തരവുകള്‍ വൈകാതെ ഉണ്ടാകുമെന്നും മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സര്‍ക്കാരുമായുള്ള കരാര്‍ കാലാവധി അവസാനിച്ച കമ്പനികളുടെ ഫയലുകള്‍ ക്ലോസ് ചെയ്യാന്‍ മാന്‍പവര്‍ അതോറിറ്റി നിര്‍ദേശം നല്കി. തൊഴിലാളികളെ പിരിച്ചുവിടുന്നതുവരെ ഫയലുകള്‍ മരവിപ്പിച്ചു നിര്‍ത്താനാണ് നിര്‍ദേശം.
അതോറിറ്റി സംഘം നടത്തിയ പരിശോധനകളില്‍ ഇത്തരം നിരവധി കമ്പനികളുടെ കരാര്‍ 2017ല്‍ തന്നെ അവസാനിച്ചതായി കണ്ടെത്തിയിരുന്നു. നിശ്ചിത പദ്ധതികള്‍ക്കുവേണ്ടി കൊണ്ടുവന്ന തൊഴിലാളികളെ കരാര്‍ അവസാനിക്കുന്നതോടെ സമാനമായ കമ്പനികളിലേക്ക് നിയമപരമായ രീതിയില്‍ മാറ്റുകയോ നാട്ടിലേക്ക് പറഞ്ഞുവിടുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.