Currency

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ കെട്ടിട തര്‍ക്കം പരിഹരിച്ചതായി കോണ്‍സുലേറ്റ്

സ്വന്തം ലേഖകന്‍Wednesday, October 10, 2018 1:51 pm

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ കെട്ടിട തര്‍ക്കം പരിഹരിച്ചതായി കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും എംബസിയുടേയും ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. കെട്ടിട ഉടമയുമായുണ്ടായിരുന്ന വാടക തര്‍ക്കത്തെ തുടര്‍ന്ന് അയ്യായിരത്തോളം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരുന്നു.

കോടതി വിധിപ്രകാരം ചൊവ്വാഴ്ച സ്‌കൂള്‍ കെട്ടിടം ഉടമക്ക് ഒഴിഞ്ഞ് കൊടുക്കേണ്ടതാണ്. അതിന് വേണ്ടി ഭൂരിഭാഗം സാധന സാമഗ്രികളും കെട്ടിടത്തില്‍ നിന്ന് മാറ്റികഴിഞ്ഞിരുന്നു. ഇതിനിടയിലാണ് പ്രശ്‌നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിഞ്ഞ് വന്നത്. അതോടെ സാധനങ്ങള്‍ മാറ്റുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ സ്‌കൂള്‍ ഓഫീസില്‍ ആരംഭിച്ച ചര്‍ച്ച രാത്രി പത്ത് മണി വരെ തുടര്‍ന്നു. സ്‌കൂള്‍ നിരീക്ഷകനും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലവും, കെട്ടിട ഉടമയായ ഉമര്‍ സെയ്ദ് ബല്‍കറാമും സ്‌കൂള്‍ അതികൃതരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതികൂല കോടതി വിധിമൂലം ഉടലെടുത്ത പ്രതിസന്ധി ശാശ്വതമായി പരിഹരിച്ചതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ക്ക് ഹയര്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തു.

പ്രശ്‌ന പരിഹാരത്തിനായി ദേശീയ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളിലൂടെ പ്രത്യേക ക്യാമ്പയിന്‍ നടത്തിയിരുന്നു. കെട്ടിടത്തില്‍ നിന്ന് മാറ്റിയ ഫര്‍ണിച്ചറുകള്‍ തരിച്ചെത്തിക്കാന്‍ സമയമെടുക്കും. അതിന് ശേഷം പഴയപോലെ തന്നെ ക്ലാസുകള്‍ തുടരും. പ്രശ്‌നപരിഹാരത്തിന് സഹകരിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് കോണ്‍സുലേറ്റ് പ്രത്യേകം നന്ദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x