
റിയാദ്: കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ പുതുക്കാന്‍ സൗദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തി. റീ എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞവര്‍ അത് പുതുക്കാനായി സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷയോടൊപ്പം ഫീസും അടയ്ക്കണം.
ഇതുവരെ സൗജന്യമായി നല്‍കിയിരുന്ന സേവനത്തിനാണു സൗദി വിദേശകാര്യ മന്ത്രാലയം ഫീസ് ഏര്‍പ്പെടുത്തിയത്. അവധിയില്‍ പോയിട്ട് നിശ്ചിത കാലാവധിക്കകം തിരിച്ചു വരാനാകാത്ത വിദേശികള്‍ക്ക് റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടി ലഭിക്കുന്നതിന് ഈ മാസം ആദ്യത്തോടെയാണ് ഫീസ് ഏര്‍പ്പെടുത്തിയത്.
ആവശ്യമായ രേഖകള്‍ സഹിതം സൗദി കോണ്‍സുലേറ്റിലോ എംബസിയിലോ അപേക്ഷ സമര്‍പ്പിച്ചാല്‍ ഫീസൊന്നും ഈടാക്കാതെ രണ്ടാഴ്ച വരെ റീ എന്‍ട്രി കാലാവധി നേരത്തെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം മുതല്‍ റീ എന്‍ട്രി കാലാവധി ഒരുമാസത്തേക്കു നീട്ടി നല്‍കുന്നതാണ് 100 റിയാലും രണ്ടു മാസത്തേക്ക് 200 റിയാലും ഫീസ് ഈടാക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ്. എന്നാല്‍ റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടി ലഭിക്കുന്നത് ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും. ഒരുമാസമെങ്കിലും ഇഖാമക്ക് കാലാവധിയില്ലെങ്കില്‍ റീ എന്‍ട്രി പുതുക്കി ലഭിക്കുക ശ്രമകരമാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.